12.02.2014

ഏകാന്തത ചുമക്കുന്നവരോട്ചിന്തകള്‍ ചുമക്കുമ്പോള്‍
അവന്‍ കുനിഞ്ഞു പോകുന്നു ,
വാക്കിന്‍റെ വേരുകളില്ലാതെ
കനം തൂങ്ങിയ മേലാപ്പ് മാത്രം .


തന്‍റെതു മാത്രമായ ഒരു ദേശത്ത്
ആടുകള്‍ക്കിടയി-
ലേകനായലയുന്നവനെപ്പോലവന്‍ .
 

തനിക്കു ചുറ്റും
ചലിച്ചു കൊണ്ടിരിക്കുന്ന
വൃത്തത്തില്‍ നിന്നും
പുറത്തേയ്ക്കുള്ള വഴി
തേടിപ്പിടിക്കുകയെന്നപോല്‍
സങ്കീര്‍ണ്ണമായ ഒന്നില്‍
അകപ്പെട്ടുപോകുന്ന ഒറ്റ .


അവനിനിയും ചെന്നെത്താത്ത
ചിലയിടങ്ങളുണ്ട്
പെയ്തൊഴിയാന്‍ വാക്കിന്‍റെ മേഘങ്ങള്‍
ചാഞ്ഞോന്നു വീശാന്‍ ,
കനം കുറഞ്ഞു പാറാന്‍
സ്നേഹത്തിന്‍റെ ഒരിറ്റു കാറ്റ്
നെടുവീര്‍പ്പുകള്‍ കുടഞ്ഞിടുവാന്‍
ഒരു തോള്‍ , ഒരു മടിത്തട്ട് ,
നീട്ടുന്ന കൈകള്‍ ,ഒരു നെഞ്ച്
കെട്ടിപ്പിടിക്കുന്ന ചൂട്
തഴുകുന്ന കരുതല്‍
ഞാനുണ്ടെന്ന നോക്ക്
ഒടുവില്‍
ഒരു തൂവല്‍പോലെ നിന്നെ
ഏറ്റെടുക്കുവാന്‍ ഒരാകാശവും .


നിനക്കുള്ള നീരുറവ അകലെയല്ല
കാറ്റത് കുളിരുകൊണ്ടെഴുതുന്നത്
നീ അറിയുന്നില്ലേ .
കണ്ടുപിടിക്കേണ്ട ചില ചേരുംപടികളിലേയ്ക്ക്
അവസാന വണ്ടിയും നീ വിട്ടുകളയരുത്.


എകാന്തതയെന്നാല്‍
ചിന്തകളുടെ ഗര്‍ഭഗൃഹമാണ്
നൂറായിരം വിചാരങ്ങളുടെ
കളമെഴുത്ത്പാട്ടിന്റെ
സംഗീതമുണ്ട് ചുറ്റിലും .
 

ഒറ്റയായിരിക്കുമ്പോള്‍ തന്നെ
നിറഞ്ഞുതൂകിക്കൊണ്ടേയിരിക്കുന്നു
ഓരോര എകാന്തതകളും .

ഏകാന്തത ഒരു രാജ്യമാകുന്നു
ശൂന്യമായ ഒരന്തരീക്ഷം
തനിക്കു ചുറ്റുമെന്നു
കരുതുന്ന മൂഡത്തം അതിന്‍റെ രാജാവും .
 

ബോധോദയത്തിന്റെ വൃക്ഷം
വേരുറപ്പിച്ചിരിക്കുന്ന മണ്ണിലേയ്ക്ക്
തന്നില്‍ തന്നെ ഒറ്റയായ് പോകുന്നവന്റെ
ഉള്‍ക്കനങ്ങളില്‍ നിന്നും
ഒരു സിദ്ധാര്‍ത്ഥന്‍
ഇറങ്ങി നടക്കേണ്ടതുണ്ട് .


ചിന്തകള്‍ കനക്കുന്ന വനത്തില്‍ നിന്നും
ശാന്തമായ് ചിരിക്കുന്ന
കുഞ്ഞിന്‍റെ കണ്ണുകളിലേയ്ക്ക്
തീര്‍ഥയാത്ര നടത്തുവാന്‍ നേരമാകുന്നു .
നമുക്കിനിയുമേറെ ബാല്യങ്ങള്‍ താണ്ടി
പാകമാകേണ്ടതുണ്ട് സോദരാ .....
_________________