Labels

11.29.2014

ആത്മാവ് നഷപ്പെടുന്ന ഇടവേളകള്‍


തൂവാല ചുരുള്‍ നിവരുമ്പോള്‍
തണുത്തുപോകുന്നു ,
കൂട്ടിപ്പിടിച്ച ചൂട് .
മഴക്കാറ്റ് വീശുന്ന രണ്ടു തടാകങ്ങള്‍ മാത്രം
ബാക്കിയാകുന്നു ,,


ഒരിരുട്ടു താനേ കിളിര്‍ക്കാന്‍ തുടങ്ങുന്നു .
ഏതു കാടിന്റെ നെടുവീര്‍പ്പ്
വര്‍ണ്ണങ്ങളില്ലാതെ നിറയുന്നു ചുറ്റിലുമെന്ന്
നിങ്ങള്‍
ചോദ്യങ്ങള്‍ നിശ്വസിക്കുന്നു ,,,
കടുപ്പത്തില്‍ ഒരു മൌനം നിനക്ക് ചുറ്റും
തിളച്ചുകൊണ്ടിരിക്കുന്നു .


ആരവങ്ങളുമായ് ഒരു മഴ പെയ്തെങ്കില്‍ എന്ന് നീ
ചിന്തയെ ഉപേക്ഷിക്കുന്നിടത്തു
ഓര്‍മ്മകളുടെ പ്രാവുകള്‍ കൂട് കൂട്ടുന്നു ,
കണ്ണുകളടഞ്ഞ് ഇടമൊരുക്കുന്നു .


അക്ഷരങ്ങളെല്ലാം മഴ നനയുന്നു
ഒരു കടല്‍ പെയ്തു തീരുമ്പോള്‍
വേലിയിറക്കങ്ങളുടെ വെയിലുമായ്
ഒരു പകല്‍ വരുന്നു ..
നീ മാത്രം നീ മാത്രം ഇപ്പോള്‍
അലിഞ്ഞു പോയിരിക്കുന്നു ,
അല്ല നീയൊരു മഴയായിരിക്കുന്നു .


പുലരി വെട്ടം നിറയുമ്പോള്‍
പ്രാചീനമായ
മരങ്ങളുടെ ഭൂപടങ്ങള്‍ മാത്രം
രഹസ്യങ്ങളെ ഒളിപ്പിച്ചു പിടിക്കുന്നു .


ഉടഞ്ഞുപോകുന്ന നെടുവീര്‍പ്പുകള്‍ ,
ഇലത്തുമ്പുകളില്‍ ,ഒറ്റത്തുള്ളികള്‍.
ഓര്‍മ്മകളുടെ കണ്ണുകളില്‍
വെയില്‍ തൂങ്ങിക്കിടക്കുന്നു !
അടരുവാനിനിയെത്ര നിമിഷദൂരമെന്ന്
മിന്നുന്നു ,മിടിക്കുന്നു .


ഒരു രാത്രിയുടെ മുറിവാണ് പകല്‍
ഒറ്റയ്ക്ക് പെയ്യുന്ന മഴകളെ
വെയിലിറ്റിച്ചുണക്കുന്നമ്മയും അവളെന്ന്
ഭ്രാന്തനായ ഗായകന്‍ താളമില്ലാതെ പാടുമ്പോള്‍
കൂട്ടിലൊറ്റയായൊരു പക്ഷി
തൂവല്‍ മിനുക്കുന്നു .
____________________________________( തരംഗിണി മാഗസിന്‍ )

http://www.tharamginionline.com/articl…/viewarticle/868.html
_____________________________________






No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "