11.02.2014

ചില നേരങ്ങളില്‍


ഒരു ആകസ്മികതയുടെ വിരല്‍ച്ചൂടില്‍
കണ്ടുപിടിക്കുമ്പോഴാണു ചിലതെല്ലാം
നമുക്കിടയില്‍ ഉണ്ടായിരുന്നെന്ന്
ഓര്‍മ്മകള്‍ കൊമ്പുലയ്ക്കുന്നത്


നിശബ്ദമായിരുന്നതിനെ നാമപ്പോള്‍
ബഹളങ്ങള്‍ കൊണ്ട് പിടിച്ചു കുലുക്കുന്നു ,
മരം പെയ്യിക്കുന്ന മഴപോലെയതിനു
കീഴെ നനഞ്ഞിരിക്കുന്നു .


അതിന്‍റെ നിശബ്ദതയപ്പോള്‍
ഒരു കുഴിമാടത്തിലെ പൂവെന്നപോലെ
നിന്നെ സ്വീകരിക്കുന്നു.
ഒരു നനുത്തകാറ്റ്
പക്ഷിയുടെ ചിറകുപോലെ മൂടുമ്പോള്‍
ഗര്‍ഭപാത്രത്തിലെന്നപോല്‍ നീ
ചുരുണ്ടിരിക്കുന്നു .


വീണ്ടും ഒരോര്‍മ്മയുടെ പ്രഭാതത്തില്‍
വിത്തില്‍ നിന്നുണരുന്ന
രണ്ടിലപ്പച്ചയുള്ള ചിറകുകളുമായ്
നീ ആകാശത്തിന് നേരെ
കണ്ണുയര്‍ത്തുന്നു
ആകാശം
പ്രകാശത്തിന്‍റെ പതാകയുയര്‍ത്തി
നിന്നോട് പുഞ്ചിരിക്കുന്നു .
________________________________ *