11.17.2014

ജലശലഭം

 
ഓര്‍മ്മകളുടെ ഗര്‍ഭനിമിഷങ്ങളില്‍
നിന്റെ ഹൃദയത്തിന്‍റെ പ്യൂപ്പയില്‍ നിന്നും
വീണ്ടും വീണ്ടും പുനര്‍ജ്ജനിക്കുന്ന
ജലശലഭമാണ് ഞാന്‍ .

നിനക്ക് ചുറ്റും
മഴയായും
മന്ദാരത്തിലെ മഞ്ഞുതുള്ളികളായും
നിറഞ്ഞു നില്‍ക്കുന്നു ഞാന്‍ .

എനിക്കായ് ജലമൂറൂന്ന
നിന്റെ കണ്ണിലൊരു കോണിലൊറ്റ-
ത്തുള്ളിയിലെന്‍റെ പ്രാണനുണരുന്നു ,
ചിതറിയ ഇടങ്ങളില്‍ നിന്നെല്ലാം
എന്നെ തിരികെ ശേഖരിക്കുന്നു .

മറുപുറമോളിപ്പിക്കാത്ത
എന്റെ ചിറകുകള്‍ വീശി
നിന്‍റെയേകാന്തതയെ -
ത്തണുപ്പിക്കുന്നു .

നിന്‍റെയാര്‍ദ്ര നിശ്വാസങ്ങള്‍ കൊണ്ടെന്നില്‍
ഉളിപ്പാടുകള്‍ തീര്‍ക്കുന്ന ശില്പ്പീ ,
എത്രയുണര്‍വ്വിന്റെ
ബാഷ്പയാമങ്ങള്‍ താണ്ടണമിനി
നിനക്കെന്‍റെ ചിറകുകളുടെ ,
തുടിക്കുമുടലിന്റെ ,
ഭാഷയറിയുവാന്‍ .

നിന്‍റെയുലയുമീ ശ്വാസത്തി-
ലെന്‍റെ ഉടലൊരു
മഞ്ഞുറച്ച ശില്പമാകുന്നു .

ജലശലഭമാണ് ഞാന്‍ ,
നിന്‍റെ കണ്ണിലുപ്പു മണക്കുന്ന വെളുത്ത ചോരയില്‍
വീണ്ടും ജനിക്കുവാന്‍
വരി തെറ്റിയെഴുതുന്ന
ഒരോര്‍മ്മയുടെ താളിലടയാളം വയ്ക്കുന്നെന്‍റെ 

ചിറകുകള്‍,
മറന്നു വയ്ക്കുന്നെന്നപോലെ .

നിന്‍റെ
ഹൃദയമിനിയും കടം തരിക
കാത്തിരിക്കുന്നു ഞാന്‍......

നിന്‍റെ ഏകാന്തതയില്‍
കിളികളനങ്ങുമ്പോള്‍
ചിറകൊച്ച നിറയുമ്പോള്‍
നിനക്ക് ചുറ്റിലും ,
വീണ്ടും ചിതറുന്നു ഞാന്‍
മഴയായ് മഞ്ഞായ്‌
എന്നെയൊളിപ്പിക്കുന്നു .


  


_______________________________________