10.26.2014

ഇരുട്ടില്‍ നിന്നും
 നമ്മുടെ വിചാരങ്ങളുടെ ഇരുട്ടിനു മീതെ
പ്രകാശത്തിന്‍റെ കുപ്പായം .
ഒളിഞ്ഞും തെളിഞ്ഞും വാളോങ്ങുമ്പോള്‍
പോറലുകള്‍ വീണ്
മേലങ്കികള്‍ നഷ്ടപ്പെട്ട്
ഇരുട്ടെന്ന് തെളിഞ്ഞ് നാം
നഗ്നരാകുന്നു .


ശരീരവും മനസ്സും
ഒരേ വെളിച്ചത്താല്‍
അലങ്കരിക്കുന്നവന്‍റെ വഴികളില്‍
നക്ഷത്രങ്ങള്‍ ,
ഒളിച്ചിരിക്കുന്നതേയില്ലെന്ന്
അവന്‍റെ ശാന്തമായ പുഞ്ചിരികള്‍
സാക്ഷ്യം പറയുന്നു ,
നമ്മളതിനെ പുച്ഛം കൊണ്ട്
മുറിച്ചു കടക്കുന്നു .


ഇരുട്ടുകൊണ്ട്
ഉടല് തുന്നുന്ന കൂട്ടുകാരാ
വെളിച്ചത്തിന്‍റെ ചിന്തകള്‍ പാകമാകാത്ത
ഗുഹകളിലിരുന്നു നീയിനിയും
മൂര്‍ച്ചകള്‍ രാകുകയാണല്ലോ .,,,


വരൂ എഴുന്നേല്‍ക്കൂ ,
ഉടലുകള്‍ മാഞ്ഞുപോകുന്നോരാ
ഇടവഴികളിലെത്തും മുന്‍പേ
നമുക്ക്
വെളിച്ചത്താല്‍ മുറിവേല്‍ക്കണം
പുലരിയിലെ വിശുദ്ധമായ
മഞ്ഞുതുള്ളികളാകണം ,
വെളിച്ചത്തിലേയ്ക്ക് രൂപം മാറണം
പിന്നെ
ഉയിര്‍ത്തെഴുന്നേല്‍ക്കണം .
_____________________________