10.25.2014

മുദ്ര വയ്ക്കപ്പെടും മുന്‍പേ (മലയാള നാട് )മരണ നേരം
വേദനകളുടെ ഉന്മാദം കൊണ്ടതിനെ
മുദ്ര വയ്ക്കുമ്പോള്‍
പക്ഷിച്ചിലപ്പുകള്‍
കരിയിലയാളും  പോലവയെ
പകര്‍ന്നെടുക്കുന്നു .
ഓരോരോ ശബദവും
വേദനകളെ പെറ്റുകൂട്ടുവാന്‍ മത്സരിക്കുന്നു .
പൂമണങ്ങളെല്ലാം ദുസ്സഹമാകുകയും
ഒരിറ്റു വെള്ളത്തിന്‍റെ ആര്‍ഭാടത്തില്‍
കട്ടിലിന് ചുറ്റും
മഞ്ഞുമലകള്‍ പ്രത്യക്ഷപ്പെടുകയും
ചെയ്തേക്കാം ,,,,

കതകടച്ചേകനാകുന്നപോലെ
നിന്നില്‍ തന്നെ ഒറ്റയാകുന്നവനെ
ഒരോര്‍മ്മപോലും കൂട്ടിനില്ലാതിരിക്കെ
ശൂന്യം ശൂന്യമെന്ന് നിസ്സഹായതയുടെ
പല്ലിയൊച്ചകള്‍ നിനക്ക് ചുറ്റും നിറയുകയല്ലേ?

ഒരു ജന്മത്തെ ചോരയോട്ടങ്ങളെത്തണുപ്പിച്ചു
വാഴയിലയില്‍ നിവേദിക്കുമ്പോള്‍
അക്ഷമരാകുന്ന
ബലിക്കാക്കകളുടെ മുരള്‍ച്ചകളില്‍ നീ
വെളുത്തവറ്റുകളായ് പ്രതികാരം ചെയ്യുക ,
അത് മാത്രമാണിനി ശേഷിക്കുക ,
ശേഷക്രിയകള്‍ക്കൊപ്പം
വെളുത്തുപോകുന്ന സ്വപനങ്ങള്‍ പോലെ
ഓര്‍മ്മകളും
വെളുത്തുപോകുന്ന കാലമകലെയല്ലല്ലോ ....

ഒരു ജന്മം നീളെ ചെയ്തവയെ
കതിരെന്നു പതിരെന്നും
ആരാണിനി വേര്‍തിരിക്കുക ,
ബോധോധയങ്ങളുടെ വിയര്‍പ്പിനിനി
മരണത്തിനപ്പുറം സ്ഥാനമില്ലെ-
ന്നേകനായെങ്കിലുമൊരോര്‍മ്മ
ചൂണ്ടുവിരല്‍ നീട്ടട്ടെ .

മണ്ണിലേയ്ക്കടരുന്നൊരിയില്‍
കണ്ണിന്‍റെ  ചുംബനം പതിയുമാ
നേരമെങ്കിലും
യാത്രാ മൊഴിയൊന്നു
കാത്തു വയ്ക്കുക
സ്വയം യാത്ര പറയുവാന്‍
അവസരങ്ങളേറെയില്ലെന്നു
മറക്കാതിരിക്കുവാനായ് മാത്രം
_________________________________


http://malayalanatu.com/component/k2/item/1548-2014-10-21-04-32-10