9.20.2014

ചെമ്പരത്തിവീഞ്ഞു മണക്കുന്നവന്‍

ചെമ്പരുത്തിവീഞ്ഞു മണക്കുന്ന
ചുണ്ടുകള്‍ കൊണ്ട്
അവന്‍ ചുംബിച്ച വാക്കുകളെല്ലാം
നീലിച്ചുപോയ്
ഭ്രാന്ത് ഭ്രാന്തെന്നവള്‍ ഒച്ചവച്ചു.

അവന്‍ പതിഞ്ഞ വാക്കുകളില്‍
പിറുപിറുത്തിടത്തെല്ലാം
കാക്കത്തൊള്ളായിരം നക്ഷത്രങ്ങള്‍
പേറ്റുനോവെടുത്തു നീറി .
അവന്‍റെ തെരുവുകളില്‍
നക്ഷത്രക്കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു
ഇറുത്തെടുത്ത ചിരികള്‍
പൊള്ളിച്ചെടുത്ത കരച്ചിലുകള്‍
അവനവര്‍ക്ക് വിശപ്പടക്കാന്‍ കൊടുത്തു .

ഒരു തുമ്പി കല്ലെടുക്കുന്നു
മറ്റൊന്ന് ചിറകു കരിക്കുന്നു
കുട്ടിയായും കല്ലായും
വിളക്കായും തുമ്പിയായും
രൂപം മാറുന്നവരെക്കണ്ട്
കൈകൊട്ടിയവന്‍ ചിരിക്കുന്നു .
അവന്‍റെയാകാശങ്ങളിള്‍
കറുത്ത ഹാസ്യങ്ങളുടെ പുകമണം
എന്നൊരു മേഘം കരയുന്നു .

ഭംഗിയുള്ള ചുവന്ന ആപ്പിളുകള്‍ക്കുള്ളിലെ
സര്‍പ്പമായ് രൂപം മാറുന്ന പുഴുവിനെ
അവന്‍ മാത്രം കാണുന്നു .
ആപ്പിള്‍ മരം
പൊടുന്നനെ ഇലകള്‍ പൊഴിച്ച് നഗ്നമാകുന്നു .
ഉപ്പു തിന്നുന്നവരും വെള്ളം കുടിക്കുന്നവരും
എന്നൊരു പട്ടം പറന്നു പോകുന്നു .

അവന്‍ ഏകാഗ്രതയോടെ കല്ലുരുട്ടുന്നു .
മലമുകളില്‍ ഒരുവന്‍ കാത്തിരിപ്പുണ്ട്‌
കുരിശു കാണുമ്പോള്‍ കൈ വിരിച്ചു പിടിക്കണം
ഭാരമെല്ലാം താഴെക്കുരുണ്ടുരുണ്ട് പോകുമത്രേ
കല്ലുരുളുമ്പോള്‍ മലകള്‍ക്ക് നോവുന്നു
ഭ്രാന്തു ഭ്രാന്തെന്നവ മുരളുമ്പോള്‍
ചിരികള്‍ കൊണ്ട് അവനതിനെ
വിവര്‍ത്തനം ചെയ്യുന്നു .

കല്ലുകള്‍ കൊണ്ട് നൊന്ത
താഴവാരം നിറയെയും
ചെമ്പരുത്തികള്‍
വിളഞ്ഞു പാകമാകുന്നു .
പൊള്ളിപ്പഴുത്തതെന്ന് ,
നൊന്തു മുറിഞ്ഞതെന്നു
മരുഭൂമിയിലാണെന്ന്
മറന്നുചുവക്കുന്നു .

കനമില്ലാതെ ഒട്ടും കനമില്ലാതെ
അവയ്ക്ക് മീതെയവന്‍ ദൈവമാകുന്നു
ചെമ്പരുത്തികള്‍ക്കുള്ളിലെ
ചോരയെ വീഞ്ഞാക്കുന്നു .
ഉന്മാദത്തിന്‍റെ ദംശനമേറ്റവന്റെ
ഞരമ്പുകളില്‍ നീല പടരുന്നു .
ഭ്രാന്ത് ഭ്രാന്ത് എന്നവിടമാകെ
കാറ്റു വീശുന്നു .

നമ്മള്‍ ഓം ശാന്തി ഓശാന
എന്ന പാട്ട് കേള്‍ക്കുന്നു .
കാണാന്‍ നല്ല ചേലുള്ളതിനെ
കണ്ടു രസിക്കുന്നു .
_______________________________