9.18.2014

കടലു നീന്തുന്നവള്‍ - മാധ്യമം - ചെപ്പ്

 
നിനക്കെന്നോട് സ്നേഹണ്ടോ ന്ന ചോദ്യം
നാണിച്ചു കാതിലെത്തും മുന്നേ
ഉണ്ട് ഉറങ്ങിപ്പോകുമവന്‍ മാറില്‍ ,
നിന്നോട് മാത്രമായ് ചോദിക്കാനുള്ള
ആ ചോദ്യമെന്നും
ആലിപ്പഴം പോലെ
വിയര്‍ത്തു നില്‍ക്കും .
 

അവളുടെ കാതുകളണിയാന്‍ കൊതിച്ച
ഉത്തരങ്ങള്‍ക്ക് മുന്നിലൂടെ 
അവന്‍റെയുറക്കം
പര്‍വ്വതാരോഹകനെന്നപോല്‍
ആരോഹണാവരോഹണങ്ങള്‍
അലസമായ് കയറിപ്പോകും .
 

അവളുടെ രാത്രികള്‍ മുഴുവനും
ആലിപ്പഴങ്ങള്‍ കൊണ്ടുള്ളോരാ
കടലെടുത്തു പോകും .
നീയപ്പോള്‍
സമര്‍ത്ഥനായ മുക്കുവനെപ്പോലെ
അടുത്ത പകലില്‍ കരകയറി
മൂരിനിവര്‍ക്കും ,
 

എന്നത്തേയും പോലെ
അവള്‍ നിനക്കൊരു ചായക്കപ്പിന്‍റെ
ചൂടിനു കൂട്ടിരിക്കും .
പിന്നെയും ഒരു രാത്രിമുഴുവനും
ആലിപ്പഴങ്ങളുടെ കടലില്‍ നനച്ചെന്നും
പിറുപിറുത്തുകൊണ്ടപ്പോള്‍ 
അവളുടെ മനസ്സെന്നു പറയുന്ന
പേര്‍ഷ്യന്‍കുറിഞ്ഞി
ഈറന്‍ കുടഞ്ഞ്‌
ഉണങ്ങാനായ്‌ ചരിഞ്ഞു കിടക്കും .
______________________________
_____