9.29.2014

ഉന്മാദത്തിന്റെ വെള്ളെഴുത്തുകള്‍

http://goo.gl/k7yZ91
 
നിന്‍റെ വിശുദ്ധവിചാരങ്ങളുടെ
വിരുന്നു മേശയ്ക്കു മുന്നിലിരുന്നു
കാറ്റതിന്റെ ഒരിഴയാല്‍
ഒരായിരം രഹസ്യത്തെ
ഉള്‍ക്കാടുകളിലേയ്ക്ക് കൂട് മാറ്റുന്നതുപോലെ
ദൈവത്തിന്‍റെ ഇടത്തിലേയ്ക്ക്
ഒളിച്ചു കടത്തപ്പെടുന്ന
ഒരു നിശ്വാസം മാത്രമാകണം പ്രാര്‍ഥനകളെന്നു നീ
വെളിപാടുകളൊന്നിന്‍റെ നൂല്‍ നൂല്ക്കുന്നു .
നിനക്ക് ചുറ്റിലും ചീവീടുകള്‍ പാടുന്നു ....


ഭ്രാന്തനായ ജ്ഞാനിയെന്ന് നിനക്ക് നേരെ
കല്ലുകളുത്തരം പറയുന്നു .
ഓരോ പ്രാര്‍ഥനയും
നിശബ്ദതയ്ക്കുമേല്‍ തണുപ്പേകുന്ന
ബോധിവൃക്ഷം പോലെയെന്നു
നീയൊരു കളിവഞ്ചിയുണ്ടാക്കുന്നു
പുഴ മരിച്ചുപോയ മണലിലതിനെ
ഒഴുകാന്‍ വിടുന്നു ,
കൈകൊട്ടി തലയാട്ടി ചിരിച്ചു മറിയുമ്പോള്‍
പ്രാവുകള്‍ക്കുപകരം
ഒലിവിലയൊഴിഞ്ഞ ചുണ്ടുകളുമായി
വെളുത്ത കാക്കകള്‍ വിരുന്നിനെത്തുന്നു .


വെയില് വീഴുമ്പോഴും
നിലാവ് മുറിച്ചു കടക്കുമ്പോഴും
രാത്രി നനയുമ്പോഴും
വസന്തം ഉറപൊഴിക്കുമ്പോഴും
മധുര നെല്ലിക്കകള്‍ കൊണ്ട് നീയിങ്ങനെ
അമ്മാനമാടിക്കൊണ്ടേയിരിക്കുന്നു .


നുണകളുടെ വസ്ത്രത്തില്‍ നൂലിഴകളില്ലെന്നു
ഓരോ കാല്‍വയ്പ്പുകളിലും
നിന്‍റെ ഉന്മാദം കുതിരച്ചിനപ്പു പോലെ
രാജാവിനെ പിന്തുരുന്നു .
പാതിരാവില്‍ ,
നിന്‍റെ പതിനാലാമത്തെ വെളിപാടിന്റെ
വിയര്‍പ്പില്‍ ,
രാജ്യം
പകലുപോലെ വെളുത്തുപോകുന്നു.


കുരിശുമരണത്തിന് മുന്‍പേ
നുണകളുടെ കിരീടത്തെ ,
കവണകൊണ്ടെറിഞ്ഞു വീഴുത്തുന്നവനെന്നു
മൂന്നു വട്ടം കിളിചിലച്ചു .
സന്ധ്യക്ക് അവ്യകതമാകുന്ന വഴികള്‍ പോലത്‌
ആയിരം കാതുകള്‍ക്ക് മുന്നില്‍ നിശബ്ദമായി .


ചിന്തകള്‍ നഗ്നമായവനേ
നിനക്ക് കൈമാറുവാന്‍
ഒരു വയല്‍ നിറയെ ,
മുന്തിരികള്‍ വീഞ്ഞു പേറുന്നു .
ഒരു കോപ്പ നിറയെ
പുരാതന സ്മൃതികളുടെ ഗന്ധം !
നീ വിടര്‍ത്തുന്ന ചുണ്ടുകള്‍ക്കിടയില്‍
വാക്കുകള്‍ക്കിടയിലൂടെ
വിതകള്‍ക്കിടയിലൂടെ
കളകള്‍ക്കിടയിലൂടെ
അതെ ,
ബോധോദായങ്ങള്‍ക്കു മീതെയതിന്റെ -
സഞ്ചാരം .


കാല്‍ച്ചുവടുകളും വാക്കുകളും
സ്വതന്ത്രമാകുമ്പോളവിടെ
രണ്ടു കള്ളന്മാര്‍ക്ക് നടുവില്‍
നിന്‍റെ ജീവിതം കുരിശു വരയ്ക്കുന്നു .
സ്വന്തമായ നിശബ്ദതയ്ക്കു നടുവില്‍
തൂക്കണാം കുരുവിക്കൂട് പോലെ
ഒരു മലമുകളതിനെ തൂക്കിയിടുന്നു .
അവിടെയും
തലകീഴായ് നീയിപ്പോള്‍
മരിച്ചവരുടെ സുവിശേഷം
പറയുകയാണല്ലോ !