Labels

9.18.2014

ഹൈക്കുവോ അല്ലേയല്ല

ഒരു ദിവസത്തെ മൂന്നാക്കിയത്
__________
പ്രഭാതങ്ങളിലോരോന്നിലും
മഞ്ഞുകൊണ്ടെഴുതുന്നു
മകരം
___________
ഒരൊറ്റ പട്ടിന്‍റെ മുന്താണിയാല്‍
മഞ്ഞുണക്കുന്നു
സൂര്യന്‍
___________
രാവിലേകനായൊരു
പൂവിരിയുന്നു
പുതിയ മഞ്ഞുതുള്ളി നുണയുന്നു
________________
വീണ്ടും ഒരു ദിവസത്തെ നിര്‍വചിക്കുന്നു

1) മേഘം താണ് താണ് വന്നു
പുലരിവെളിച്ചം പാതിയും
നനഞ്ഞു പോകുന്നു
___________________
2 ) ഉച്ചവെയിലിനൊട്ടും തളര്‍ച്ചയില്ല
മഞ്ഞപ്പൂക്കള്‍ കുമ്പിട്ടു നില്‍ക്കും
മണ്‍പാതയെത്ര വിവശം
___________________
3) സന്ധ്യ
സങ്കീര്‍ണ്ണമാകുന്ന
ആല്‍മര നിഴല്‍
________________
________________
നിറയുന്നു
സ്ഫടിക ജാലകത്തിലേതോ-
ലിപികളില്‍
മഴ
___________________
വയലരികില്‍
കൊക്കുകള്‍ നിരന്നിരിക്കുന്നു
ജീവനുള്ള ഒന്നതിനു കുറുകെ പറക്കുന്നു
________________
ചെറു ജാലകതിന്നപ്പുറം ആകാശം
രണ്ടു കണ്ണുകളില്‍
ഒരേ ഹൈക്കു
______________________

നനഞ്ഞ ഇലകള്‍
പാമ്പിഴയും ശബ്ദം പോലും
തണുത്തു പോകുന്നു
_______________________

തോണിക്ക് മീതെ ചന്ദ്രന്‍
കടത്തുകാരനെപ്പോല്‍
ഏകന്‍
________________________
ഒരു  വേനല്‍
നീറ്റിയെടുത്തതൊരു
പുഴ
_____________
 ആപ്പിള്‍പ്പഴങ്ങളില്‍
ഇളം നിഴലുകള്‍ പതിയുന്നു
ബാക്കിയാകുന്നു ,
മുറിഞ്ഞ പുല്‍ത്തുമ്പുകള്‍

________________
നിലാവിനൊപ്പം
വിരുന്നുകാരന്റെ പാട്ട്
വീതി കുറയുന്നു രാത്രി
______________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "