9.16.2014

സ്പന്ദിക്കുന്ന പ്രാര്‍ത്ഥനകള്‍


ഇനിയേതു നക്ഷത്രം വസന്തത്തെ
നിന്‍റെ മുടിക്കെട്ടില്‍ കൊരുത്തു വയ്ക്കും ,
രക്തപുഷ്പം മെടഞ്ഞോരീ കിരീടം
നിന്‍റെ കല്ലറയ്ക്കരികില്‍ വച്ചു ഞാന്‍
മടങ്ങുന്നു ,
നിന്നില്‍ കൂടുകൂട്ടിയൊരീ തണുപ്പില്‍ ,
വെളുത്ത ഫലകത്തിന്‍ ചുണ്ടില്‍
നിശബ്ദമായൊരടയാളവും ഞാന്‍
ചേര്‍ത്ത് വയ്ക്കുന്നൂ
ഹൃദയം നനഞ്ഞോരീ
രണ്ടു നീര്‍ത്തിളക്കങ്ങള്‍ .

വെയില്‍ കൊണ്ട് മഴ കൊണ്ട്
മഞ്ഞുകൊണ്ട്
ഉഴുതു വിതയ്ക്കുമ്പോള്‍
ഇണയിലകളായ് നമുക്കിനിയും
ഉണര്‍ന്നെഴുന്നേല്‍ക്കണം
മഞ്ഞുതുള്ളി നുണയുന്ന
കുഞ്ഞു പൂവിന്‍റെ
അപ്പുറമിപ്പുറമിരുന്നു
ചിരിച്ചു പഴുക്കേണം
വീണ്ടുമൊരേ കാറ്റിലൊന്നിച്ചടരേണം
ഇതുമാത്രം ഇതുമാത്രം
ഇനിയെന്‍റെ പ്രാര്‍ത്ഥന.

സങ്കീര്‍ണ്ണമാകുന്നു നിഴലുകള്‍
ആകാശം പാകം നോക്കുവാന്‍ തുടങ്ങുന്നു
വയല്‍ക്കിളികള്‍.
കണ്ണും ചിമ്മും നേരം കൊണ്ട്
പട്ടം പൊട്ടിപ്പോയ കുട്ടിയായ്
ഞാനിതാ
തിരികെ നടക്കുന്നു
,,,,,,,,,,,,,,,,,,,,തനിയെ .