8.25.2014

എന്‍റെ കുഞ്ഞു കുഞ്ഞു അറിവുകളിലെ ഹൈക്കു ഇങ്ങനെ ഒക്കെയാണ്

ഹൈക്കു പ്രകൃതിയാണ്
 ഒരു ദേശമോ കാലമോ ,, അത്ഭുതം സമ്മാനിക്കുന്ന ഒരു നിമിഷമോ അലസതയോടെ കടന്നുപോകുന്ന കാറ്റോ മുഖം വ്യക്തമല്ലാത്ത ഒരു ശബ്ദമോ തൂവലിന്റെ മിനുപ്പോ കിളിയുടെ വഴികളില്‍ ചിറകുരഞ്ഞു പോയൊരു ശീല്‍ക്കാരമൊ ആകില്ലേ .വ്യക്തതതയില്‍ നിന്നും അവ്യക്തതതയിലേക്ക് കടന്നു പോകുന്നതും പിന്നെ നിശബ്ദമാകുന്നതുമായ എന്തോ ഒന്ന് .

 

"ഒരു നിമിഷത്തിന്‍റെ ഋതു" ഹൈക്കുവിനെ ഞാന്‍ അങ്ങനെ നിര്‍വചിക്കുന്നു .ചില കാഴ്ച്ചകളുടെ ശാന്തതയില്‍ ചില ഏകാന്തതയുടെ ആഴത്തില്‍ ശൂന്യമായോരാകാശത്തില്‍ ഒക്കെയും ചിറകടിക്കുന്ന ഒരു നിമിഷമാണത് .
കേള്‍ക്കുമ്പോഴോ കാണുമ്പോഴോ ഒരിലയടരും പോലത്രയും മൃദുലമായ്  നാമത്തിന്റെ ആസ്വദിക്കുന്നു .അലിയുമ്പോഴോ  നുണഞ്ഞിറക്കുമ്പോഴോ പേരിടാനാകാത്ത ഒരാനന്ദത്തെ നാം അവിടെ കണ്ടെത്തുന്നു .

 

വര്‍ത്തമാന കാലത്തിന്‍റെ നീളുന്ന വഴികളില്‍ നിന്നെ കാത്തു നിന്നൊരു പുഞ്ചിരി , ചിലപ്പോളത് പുരാതനമെന്നു തോന്നിയേക്കാം .അതൊരു ഹൈക്കുവാണ് . പൂക്കള്‍ വിടരുന്നതും മഴ മരങ്ങളെ ആലിംഗനം ചെയ്യുന്നതും ആകാശം പക്ഷികളെ വരച്ചു വയ്ക്കുന്നതും പകലിന്‍റെ ഉടുപ്പില്‍ പൂമ്പാറ്റകളെ തുന്നിയെടുക്കുന്നതും രാത്രിയുടെ കനപ്പിച്ച മുഖത്തേയ്ക്ക് നിലാവ് ഒരു കുഞ്ഞിനെപ്പോല്‍ നോക്കുന്നതിലും ഹൈക്കു തെളിമയോടെ ഉണ്ടാകുന്നുണ്ട് .

രൂപമില്ലാത്തൊരു കല്ല്‌ നിശ്ചലമായ്ക്കിടക്കുന്ന തടാകത്തില്‍ വൃത്തം വരച്ചെടുക്കുന്നത് ഒരു ഹൈക്കുവില്‍ കൊത്തി വയ്ക്കപ്പെടുമ്പോള്‍ കണ്ടില്ലെന്നു നടിച്ച ഒരു ദൃശ്യത്തിലേയ്ക്ക് വീണ്ടും ഒന്ന് കണ്ണെറിയുവാന്‍ പ്രേരിപ്പിക്കുന്നില്ലേ ...

ഒരു തുള്ളി തേനിന്റെ മധുരത്തില്‍ ദാഹത്തിലേയ്ക്ക് നനയുന്ന  ഒരിത്തിരി വെള്ളത്തിന്‍റെ തണുപ്പില്‍ വെളുത്ത ലില്ലിപ്പൂക്കളില്‍ ചീവീടുകളുടെ പാട്ടില്‍ എല്ലാമെല്ലാം പുതുമയോടെ ആവര്‍ത്തിക്കുന്ന വികാരം എന്താണ് . ചില നിമിഷങ്ങള്‍ നമ്മോടു സംവേദിക്കുന്നതിലെല്ലാം കവിതകള്‍ ഉണര്‍ന്നിരിക്കുന്നു . താളാത്മകമോ ചീവി മിനുക്കിയതോ ആകില്ലത് . പച്ചയായ  ഭാഷ , വികാരങ്ങള്‍ നിറഞ്ഞതോ ശൂന്യതയില്‍ നിന്ന് കണ്ടെടുതതോ ആയ ചിലത് . ചുരുങ്ങിയ വാക്കുകളില്‍ അവയെ കൊരുത്ത് വയ്ക്കുമ്പോള്‍ കവിതയെന്നും ഹൈക്കുവെന്നും അവ സ്വയം രൂപം മാറുന്നു . ചിലന്തി വലയുടെ വന്യമായ ഭാഷയിലും ഒരു നീര്‍മണി അണിയിച്ച ഹൈക്കു എത്ര സൌന്ദര്യം പകരുന്നു എന്ന് നാം കാണുന്നില്ലേ ..


അലങ്കാരങ്ങളില്ലാതെ നഗ്നമായി പിറക്കണം ഹൈക്കുകള്‍ എന്ന് മനസ്സിലാക്കുന്നു .പലപ്പോഴും അതിനോട് നീതി പുലര്‍ത്തുവാന്‍ നാം ശ്രമിക്കാറില്ല . കവിതകള്‍ നിറയുമ്പോള്‍ അതിലൊരു ഹൈക്കുവിന്റെ മിന്നലാട്ടം എങ്കിലും ഉണ്ടാകണം എന്നെനിക്കും ആഗ്രഹമുണ്ട് .
___________________________________________________________________
 ഹില ശ്രമങ്ങള്‍ മാത്രം

ചെറു ജാലകതിന്നപ്പുറം ആകാശം
രണ്ടു കുഞ്ഞിക്കണ്ണുകളില്‍
ഒരേ ഹൈക്കു
______________________

നനഞ്ഞ ഇലകള്‍  
പാമ്പിഴയും ശബ്ദം പോലും
തണുത്തു പോകുന്നു  
_______________________
തോണിക്ക് മീതെ ചന്ദ്രന്‍
കടത്തുകാരനെപ്പോല്‍
ഏകന്‍
________________________

നിലാവിനൊപ്പം
വിരുന്നുകാരന്റെ പാട്ട്
വീതി കുറയുന്നു രാത്രി

_______________________
 നിറയുന്നു
സ്ഫടിക ജാലകത്തിലേതോ-
ലിപികളില്‍
മഴ

____________________________
പോട്ടം from my കാടുപിടിച്ച പൂന്തോട്ടം