4.17.2014

ഹൈക്കുസ് പോല്‍


 മലര്‍ക്കെ തുറക്കുമ്പോളിന്നും
ഏകാന്തത സുഖപ്പെടുത്തുന്നു
സ്നേഹിതന്റെ പുഞ്ചിരി
 __________________________

വെയില്‍
മൌനിയാകുന്നിടവഴികളിലും
വേനലെന്നെഴുതുന്നു  , ഇല്ലിയിലകള്‍
 __________________________

ഉഷ്ണകാലമെങ്കിലും
ഒരു പൂന്തോട്ടം നിറയെ
കാറ്റുവീശുന്നു,
മുല്ല പിറന്നിരിക്കുന്നു .
 __________________________

 ഒരു തൊടി നിറയെ ഗ്രീഷ്മം പടരുമ്പോള്‍
ഒരു വീട് നിറയെ മഴക്കാലമുണരുമ്പോള്‍
വിരുന്നുണ്ണുന്നു കാക്കകള്‍
 ___________________________

ഇന്നീ
വേനല്‍ക്കാല കവാടത്തി-
ലേകസഞ്ചാരി
മഴ !
_______________________

 മഴകൊണ്ട മഞ്ഞപ്പൂക്കള്‍
നിലത്തിട്ട കുറിമാനം ,
ചിരിയുപേക്ഷിച്ചിരിക്കുന്നു
_______________________

 മഴയ്ക്കപ്പുറം
വെയിലുണരുന്നു
ഒരുകാലം കടഞ്ഞെടുക്കുന്നു
_________________________

ഇടവഴികള്‍ക്കെല്ലാം
ഇരുട്ടിന്‍ മുഖം
ഇനിയുമിരുളാതൊരു ജാലകം
________________________

തണല്‍ മരങ്ങള്‍ തഴച്ചിട്ടും
വേനലൊഴിയാതെ വീട് ,
ഈറനൊഴിയാതെ
നേര്‍ത്ത നിശ്വാസങ്ങള്‍
___________________

 തിരികെയെത്തുന്നു
ഒരു പകല്‍ മുഴുവനും കയ്യേറുന്നു
വെളിച്ചത്തിന്റെ മറുകുകള്‍ .
 _________________________

വെയില്‍ മൌനിയാകവേ
ഒരു താഴ്വാരം മുഴുവനും
കറുപ്പുടുക്കുന്നു
 _________________________

ചിറകൊതുക്കാതെ ശലഭമേ
വിടര്‍ന്നു തീര്‍ന്നിട്ടില്ല
വസന്തമിനിയും
__________________________

കാറ്റുവീശുന്നു
ഒരു പകലു മുഴുവനും ,
കനമില്ലാതെ ,
വെയില്‍ !
________________________ 

 തണുത്ത കച്ചയില്‍ പൊതിഞ്ഞു 
സൂര്യനെ താലോലിക്കുന്നൊരു 
കാലം
_________________________

 കടല്‍ക്കാക്കകളില്ല 
മുറിവു പോലൊരു 
തോണി 
_________________________

 ഒരു രാത്രി നിറയെ 
നിഴലുകളുണര്‍ന്നിരിക്കുന്നു
ഇലകളുറങ്ങുന്നു 
_________________________
 
ഒരു കാറ്റ് വിടരുന്നു 
പൂക്കള്‍ പാടുന്നു   
വസന്തം !
__________________________
 
ഒലിച്ചുപോയി
പ്രാര്‍ത്ഥനകളും
മണ്ണോടമര്‍ന്നു ,
പൂക്കള്‍ മാത്രം
__________________________