8.28.2014

ഇതെന്തൊരു പാടാണ് ദൈവേ ,,,


ഓരോര്‍മ്മ കൊണ്ട്
ഒരാകാശം തന്നെ കെട്ടിയുണ്ടാക്കുന്നതിനിടയിലാണ്
നീ നിന്‍റെ പഴുത്തിലകള്‍ക്കിടയില്‍ കളഞ്ഞു പോയ
തുമ്പിച്ചിറകിനെ ഓര്‍ത്തോര്‍ത്തൊരു
കടലുണ്ടാക്കുന്നത് .

നിന്‍റെ കടലിന്‍റെ കറുത്ത കുഞ്ഞുങ്ങളും
എന്റെ ആകാശത്ത്
മേയാന്‍ വരുമല്ലോ ദൈവമെയെന്നോര്‍ത്ത്
പിന്നെയും ഞാനാകാശം പണിഞ്ഞു പണിഞ്ഞു
ഉറങ്ങിപ്പോകുന്നു .

ഒരാകാശം പണിതെടുക്കാന്‍ എന്തൊരു പാടാണ്
എന്നോരോര്‍മ്മയെ പല്ലുകുത്തുന്നിതിനിടെ
നീ പണിതു വച്ച കടലില്‍ നിന്നും
ഒരു കുടം കുഞ്ഞുങ്ങള്‍
പണിതു പാതിയായ എന്‍റെ ആകാശത്ത്
കളിക്കാനിറങ്ങുന്നു .

ഒരു തുമ്പിചിറകു കൊണ്ട് ഒരു കടല്‍ !
അപ്പോളീ കുഞ്ഞുങ്ങള്‍ നിന്നെക്കൊണ്ടു
എത്രയെത്ര കടലുകള്‍ പണിയിക്കുമെന്നോര്‍ത്തു
ഒരു ചിരി കരണം മറിയാന്‍ തുടങ്ങി .
അതില്‍ കുലുങ്ങിക്കുലുങ്ങി
പാതിയാകാശത്ത് നിന്നും
നിന്‍റെ കുഞ്ഞുങ്ങളെ ഞാന്‍
താഴേക്കു തട്ടിയിട്ടു .

നീയിപ്പോള്‍ ആകെ നനഞ്ഞ്
ഒരു കുട്ട നിറയെ
മഴച്ചിറകുകള്‍ ശേഖരിക്കുന്നു .
തൂക്കം നോക്കി
എത്രയെത്ര കടലുകളിനി
പണിതീര്‍ത്തെടുക്കണമെന്ന നെടുവീര്‍പ്പില്‍
ഒറ്റ നിമിഷം കൊണ്ടൊരു
കൊടുംങ്കാറ്റിനെ കെട്ടഴിച്ചിടുന്നു .

ഞാനിപ്പോള്‍ മടിയനായി
നീ പെറുക്കുന്ന ചിറകുകളെ
തിരമാലയെണ്ണുമ്പോലെണ്ണിക്കൊണ്ടിരിക്കുന്നു .

ഇനിയേതോര്‍മ്മയെ സത്രീധനം കിട്ടിയാലാണ്
എന്‍റെയാകാശമൊന്നു മുഴുവനാകുക ദൈവേ-
യെന്നു ചൂട്ടുകത്തിച്ചീ പണിപ്പുരയിലിന്നും
അന്തം വിട്ടിരിക്കുന്നത് കാണുന്നുണ്ടോ നിങ്ങള്‍