4.17.2014

എനിക്ക് മാത്രം മനസ്സിലാകുന്ന ചിലത് :മൌനത്തിന്‍റെ സങ്കീര്‍ത്തനം


  

മൌനത്തിന്‍റെ വിത്തുകള്‍
തഴച്ചു വളരുന്നിടങ്ങളില്‍
ചിന്തകള്‍ക്കൊക്കെയും
ചക്രവാളത്തിന്റെ ഗാംഭീര്യം .

 

 കൊളുത്തിവച്ച
ഒറ്റവിളക്കിനു ചുറ്റും
ഇരുട്ട് പരക്കുന്നു ,
പുതിയോരാകാശം മുളയ്ക്കാന്‍
നേരമാകുന്നെന്ന്
വെളിച്ചത്തിന്റെ കതിര്‍ ,
എഴുത്തോല,യതില്‍
മന്ത്രിച്ചു കുറിക്കുന്നു .

 

നീയെന്നതൊരു
ഏകാന്തതയുടെ ഭ്രൂണത്തില്‍
ചുരുണ്ടിരിക്കുന്നു ,
ശ്വസിക്കുന്നിടങ്ങളൊക്കെ
വിയര്‍ത്തുപോകുന്നു .

 

 നിനക്കൊരു വാക്ക്
പൊക്കിള്‍ കൊടിയാകുമ്പോള്‍
ജനനത്തിന്റെ ദൂരം
വാല്‍മീകമുപേക്ഷിച്ച് മുന്നോട്ടായുന്നു .
ആദ്യത്തെ ആഹാരം
നീയൊരു “കവിത”യാക്കുന്നു .

 

 നിനക്കൊരു
വെളിച്ചത്തിന്‍റെ മുത്ത്‌
കളഞ്ഞു കിട്ടുന്നു .
പൊക്കിള്‍ കൊടിയിലൂറിയ ജലരൂപം
നിനക്കൊരു ദൈവത്തെ
കാഴ്ച വയ്ക്കുന്നു .
നീയതിനെ ചങ്കിലെ
ചോരയില്‍ കലര്‍ത്തി ആരാധിക്കുന്നു .

 

 മെഴുതിരി നാളം ഉലയുമ്പോലത്രയും
നേര്‍ത്തു പോകുന്നു , കനമില്ലാതാകുന്നു ,
നിന്‍റെ ചിന്തകള്‍ ,
എങ്കിലും ചുറ്റും
ചൂടറിയുന്നു ,
ഇരുട്ടുരുകിയൊരു വൃത്തം തെളിയുന്നു ,
ഇന്ദ്രിയങ്ങളിലൊരു മഹര്‍ഷിയുടെ
ജ്ഞാനം നിറയുന്നു .

 


 ഇരുളിലും വെളിച്ചത്തിലും നീ
ചിന്തകളെ വ്യഭിചരിക്കുന്നില്ല
സ്വാര്‍ത്ഥതക്കൊരു ലക്ഷമണ രേഖ
കടുപ്പിച്ചു വരച്ചുചേര്‍ക്കുന്നു ,
അതിനു നടുവില്‍
ന്യായത്തിന്റെ സിംഹാസനം .

 

 രഹസ്യങ്ങളിലൂടെ
സഞ്ചരിക്കുമ്പോഴൊക്കെ
നിഗൂഡതയുടെ
കനത്തവള്ളിപ്പടര്‍പ്പുകളില്‍ നീ
വിശ്രമം കണ്ടെത്തുന്നു .
ആഴത്തില്‍ നിന്നൊരു സ്വരത്തെ
ധ്യാനത്തിലേയ്ക്ക് എയ്തു വിടുന്നു .

 

 മുന്തിരിപ്പടര്‍പ്പുകള്‍ക്കിടയിലെ
ലാസ്യചലനങ്ങളോ മാദകത്വമോ
ലഹരിയായ് നിന്നിലേയ്ക്ക്
പ്രവേശിക്കുന്നില്ല .

 

 ദൈവാംശം നിറഞ്ഞ രക്തധൂപം
നിന്‍റെയോരോ ചിന്തകളിലും
ചക്രം പൂര്‍ത്തിയാക്കുമ്പോള്‍
സഞ്ചാരത്തിന്റെ ഞരമ്പുകളില്‍
മീന്‍ പിടച്ചിലുകള്‍ ,
ചലനതരംഗങ്ങളിലൊരു ശിശു
നിനക്കഭിമുഖമായി വന്നു ചേരുന്നു.

 

 നിന്റെ ദൈവത്തെ കൈമാറുവാന്‍
നീയവനു മുന്നില്‍ മുട്ട് കുത്തുന്നു
കൈകള്‍ വിരിച്ചു പിടിക്കുന്നു ,
ഒരാശ്ലേഷം ,
അതില്‍
പുതിയൊരു ദൈവം !
പുതിയ ചൈതന്യം
വീണ്ടും
ആദ്യ ഭക്ഷണമായൊരു  “കവിത ”


http://ejalakam.com/%E0%B4%AE%E0%B5%97%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/?fb_action_ids=697406150317957&fb_action_types=og.likes&fb_source=aggregation&fb_aggregation_id=288381481237582