3.30.2014

ഇത്രമേല്‍

 
ഇത്രമേല്‍
അലങ്കരിക്കാതിരിക്കുന്നതെങ്ങിനെ-
ഋതുക്കളാലീ കല്ലറകളെ !

സ്പന്ദിക്കുന്ന പുസ്തകത്തില്‍ നിറയെ
തളിര്‍ത്തും വരണ്ടും
ചരിത്രത്തിലേയ്ക്ക് വളരുന്നവരുടെ
ശ്വാസത്തിന്റെ
അര്‍ദ്ധ വിരാമങ്ങളും പൂര്‍ണ്ണ വിരാമങ്ങളും .

ആകാശത്തിലുറഞ്ഞു പോയ
നക്ഷത്ര ഫലകങ്ങള്‍
ഭൂമിയെ തൊടുവിച്ച
പൂവിതള്‍ക്കുറികള്‍
ഈ പ്രപഞ്ചത്തെക്കാള്‍
വലിയൊരു ശ്മശാനമുണ്ടോ !

നാളത്തെ മരണങ്ങള്‍ക്കു മീതെ
വെളുത്തും നഗ്നമായും
നിറങ്ങള്‍ വിതച്ചിട്ടും
മഴയുഴുതും
കാലങ്ങള്‍ക്കു മീതെയൊരു കാവലാള്‍
ഈ ചുടലകളെത്ര വിദഗ്ദമായ്‌
പണിതു വയ്ക്കുന്നു !
__________________________________