Labels

3.11.2014

ചിന്തകളുറയും മഞ്ഞുകാലം എനിക്ക് പുറകെ



ഒരു വസന്തം മുഴുവനും
ഇരുണ്ടുപോകുന്നു ,
വിഷാദം വിടരുമ്പോള്‍ .

കരകവിയുന്നു ചിന്തകള്‍ എങ്കിലും
കവിതയുടെ ലഹരിയും വിട്ടൊഴിയുന്നു .
കരിയിലകള്‍ കാഹളമൂതുന്നു
എന്‍റെ കാട്ടുമുല്ലകള്‍
വിടര്‍ന്നൊരാ വഴികളില്‍.
  

ഉന്മത്തമാകുവാനിനി
ഏതക്ഷരത്തിന്‍ മാറു ചുരക്കണം
ഏതു കാറ്റിന്റെ വേരു തേടണം
ഏതു പ്രണയത്തിന്‍ ബാല്യം താണ്ടണം
ഏതു കവിതയുടെ വിത്തു പാകണം ......

നേര്‍ത്തു പോയൊരെന്റെ ആകാശം
ഈ ഇരുളിന്‍ ഗര്‍ഭകാലം താണ്ടി
ഏതു സൂര്യന്‍ വീണ്ടെടുക്കുമിനി ....
ശൂന്യതയുടെ കിടങ്ങു താണ്ടി
വാക്കിന്‍റെ ദണ്ടിലൊരൊറ്റ
വജ്ര നക്ഷത്ത്രത്തിന്നായിരം മുഖം
ഏതു രശ്മിയാല്‍ മോക്ഷം നേടും ...

ചിന്തകളുറയും മഞ്ഞുകാലം
എനിക്ക് പുറകെ ,
ഞാനെന്‍റെ വസന്തം പണയം വച്ചിരിക്കുന്നു .....

ഇനിയൊരു
ഒരു ശലഭ യൌവ്വനത്തിലേയ്ക്ക്
നൂണ്ടിറങ്ങണം ,
ആഞ്ഞു വീശണം ചിറകുകള്‍,

വിരസതയുടെ ആരോഹണങ്ങള്‍
ജയിച്ചു ചെല്ലുമ്പോള്‍
പൂമ്പൊടികളിലൊരു കാലം
എനിക്കായ് കാത്തിരുന്നു
മയങ്ങുന്നുണ്ടാകണം *





No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "