3.15.2014

എരിയുന്നിടങ്ങള്‍

 
ശിശിരത്തിന്‍റെ
ധൃതിപിടിച്ചൊരു ദിവസത്തില്‍
ചോറ്റുപാത്രം തുറക്കുമ്പോള്‍
തണുപ്പിനെ പ്രാപിക്കാന്‍ മടിച്ചൊരു
കൈപ്പുണ്ണ്യത്തിന്‍റെ ഇത്തിരി എരിവില്‍,
വെളിച്ചെണ്ണ മണത്തില്‍
ഓര്‍മ്മകളുടെ പാഞ്ചാരിമേളം ,,,,,,,
മനസ്സ് തൂവിപ്പോകാതിരിക്കുവാന്‍
നീയതിനെ ശ്രദ്ധിക്കുന്നില്ലെന്നു
വെറുതെ ഭാവിക്കുന്നു .

എകാന്തയൊരു പുസ്തകത്താളില്‍
കണ്ണുകള്‍ നിശ്ചലമാക്കവേ
മൂക്കുകയറില്ലാതെ പാഞ്ഞോടി വരുന്ന
ചിന്തകളുടെ കുളമ്പടിയൊച്ചകളില്‍
 ഒറ്റയായിപ്പോയൊരാട്ടിന്‍കുട്ടി
യെപ്പോലെ  
പരിസരം മുഴുവനും വെളുത്തുപോകുന്നു ,
നീ പിന്നെയും
ഞാനല്ല ഞാനല്ലെന്നു കുതറി മാറുന്നു .

 

ഉണര്‍വ്വിന്റെ ഏതോ ഒരു മുനമ്പില്‍
പൂന്തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടപോലെ
കറുത്തും വെളുത്തും പൂമ്പാറ്റകളെയാരോ
ഊതി വിടുന്നുന്നുണ്ടെന്നു നീ അത്ഭുതപ്പെടുന്നു .
കണ്ടില്ല കണ്ടില്ലെന്നു നീ നെടുവീര്‍പ്പിടുന്നു .

 

വെളുപ്പില്‍ 
മയില്‍‌പ്പീലി വിതറിയ പോലുള്ള  
ജാലകവിരികളില്‍
പച്ചയെന്നോണം ഒരു നിശാ ശലഭം
ചാരനിറം പാതിയുമൊളിപ്പിക്കുന്നു ,
നിനക്കുള്ള പകലില്‍
വെളിപ്പെട്ടു പോയൊരു രാത്രിയെ
കാണുന്നില്ലെന്ന് കണ്ണടച്ചിരിക്കുന്നു ..

ഓർമ്മകൾ
കണ്ണീർ ചൂടിനാൽ വെന്തു പോകവേ
നോക്കുന്നിടങ്ങളില്‍ ഒക്കെയും
ഉന്മാദത്തിന്റെ കടുത്ത ചായക്കൂട്ടുകള്‍
മറക്കില്ല മറക്കില്ലെന്ന അടയാളങ്ങള്‍
ഞാനല്ല എനിക്കല്ലെന്ന് മുഖം വീര്‍പ്പിച്ചിട്ടും
പിന്നെയുമോരോന്നും
നിന്റേതെന്നു സാക്ഷ്യപ്പെടുത്തുന്നു ,,,,
നിനക്കിനിയും
ഉറപോഴിക്കാന്‍ നേരമായില്ലെന്നു
മുറിവുകളുടെ യൌവ്വനം
വെളുക്കെച്ചിരിക്കുന്നു .

------------------------------
--------------------------------