2.27.2014

"മുഷിഞ്ഞ പൂക്കള്‍"

-http://eastcoastdaily.com/new/kavithakal/item/11067-mushinja-pookkal-sony-dith

മഴപോയ വഴികളില്‍
നിഴല്‍ പോലുമില്ലാതെ
വെയില്‍ നിറയുമ്പോള്‍,
ഒരു പക്ഷിയുടെ
ദാഹത്തിലേയ്ക്കുറ്റു നോക്കുന്നു
ഒഴിഞ്ഞ തണ്ണീര്‍പ്പന്തലിന്‍റെ
സമൃദ്ധമാം മൌനം . .


കാത്തിരുപ്പിന്റെ അവസാന യാമത്തില്‍
വിരിഞ്ഞത് പെണ്‍പൂവെന്നൊരുവള്‍
പുഞ്ചിരിക്കാനൊരുങ്ങും മുന്പേ
ഒരു പകല്‍ കെട്ടുപോകുന്നു ,
തെരുവോരങ്ങള്‍ വിജനമാകുന്നിടത്തു
ഒറ്റയാക്കപ്പെട്ടവരുടെ അലര്‍ച്ചകളില്‍ ചിലത്
ഉപേക്ഷിക്കപ്പെടുന്നതിങ്ങനെയാകാമെന്ന്
രാത്രികളുടെ കുടുക്കുകള്‍
മറച്ചു പിടിക്കുന്നു .

പകലുകളില്‍
മുഷിഞ്ഞ പൂക്കള്‍ക്ക് വിശക്കുമ്പോള്‍
അവരെന്തു ചെയ്യും ?

"മുഷിഞ്ഞ പൂക്കള്‍"
 

വയറു മുറുക്കിയുടുക്കുവാന്‍
കീറു തുണി പോലുമില്ലാതെ
വിശപ്പിനാലും ഭ്രാന്തിനാലും ,
വീണ്ടും വീണ്ടും
നഗ്നമാക്കപ്പെടുന്നവര്‍....

ആരാന്റമ്മയുടെ ചേല് കൂടുമ്പോ-
ളൊരായിരം കണ്ണുകള്‍
വിശപ്പടക്കുന്നു .

നട്ടുച്ചകളുടെ വെളിപാടുകളില്‍
സര്‍പ്പമിഴഞ്ഞോരാ മരം
രാത്രിയുടെ വിരലുകളോടിയ
വിലക്കപ്പെട്ട കനിയുമായ്‌
പുരാതന തോട്ടത്തിലെന്നപോല്‍
ഒറ്റയാകുന്നു .

ഉപേക്ഷിക്കപ്പെട്ടവരുടെ വിശുദ്ധപുസ്തകം
തെരുവുകളില്‍ നിവര്‍ത്തി വയ്ക്കുമ്പോളതില്‍
മെഴുകു കൊണ്ടക്ഷരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്നു .
നീയും ഞാനും
അന്ധരെന്നഭിനയിക്കുന്നു .

പിന്നെയും പലചോദ്യമലയുന്ന-
തിലൊരു ചോദ്യം
ഉറങ്ങാതിരിക്കുന്നു .

രാപ്പകലുകളില്‍ വിശക്കുന്നോരോ
മുഷിഞ്ഞ പൂക്കളും
എന്ത് ചെയ്യുകയായിരിക്കുമെന്നു
ദൈവങ്ങള്‍ക്കറിയുമോ ?


http://eastcoastdaily.com/new/kavithakal/item/11067-mushinja-pookkal-sony-dith