2.03.2014

(നിമിഷ ചിന്തകള്‍ )മഴ


മഴ 


സ്നേഹമായടരുന്ന 
കണ്ണുനീര്‍ പോലെ 

തീരാതെ പെയ്യുന്ന 
ഓര്‍മ്മകള്‍ പോലെ 
*************
മഴ 

വേനലിലേയ്ക്ക്‌ 
ആഴ്ന്നിറങ്ങും 
ജലച്ചില്ലുകള്‍ .
ചൂടിലേയ്ക്ക് 
പറന്നിറങ്ങും 
ജനിമൃതി തന്‍ 
താളം .
*************

മഴ 

വെളുത്ത ചെമ്പരത്തില്‍ 
വെളുക്കെച്ചിരിച്ച്
വെയിലിന്‍റെ 
നരച്ച കണ്‍പീലികള്‍ക്കിടയില്‍ 
കാണാതെ പോകുന്നത് .

മണ്ണിന്‍റെ മാറിലെ 
പച്ചരോമങ്ങള്‍ക്കിടയില്‍
മുഖം പൂഴ്ത്തി 
മറഞ്ഞു പോകുന്നവള്‍ .
*********************** 
മഴ
 

പ്രളയമായ് 
പ്രണയമായ്
ആകെയുലയ്ക്കുന്ന 
ആകാശ വികാരങ്ങളുടെ 
ജലലിപികള്‍ .
***************
മഴ 

കാറ്റേറ്റ്
പൊഴിയും 
മേഘപ്പക്ഷിയുടെ 
സ്ഫടികച്ചിറകുകള്‍ .
*************
മഴ 

പനിച്ചൂടിലേയ്ക്ക്‌ 
അമ്മയുടെ കൈത്തണുപ്പുമായ്‌ 

കാമുകന്‍റെ ചുംബനച്ചൂടിലും
വിളര്‍ത്തു വിയര്‍ത്തവളുടെ 
നാണത്തണുപ്പുമായ്

വാരിപ്പുണര്‍ന്ന 
മരണത്തിന്‍റെ ബലിഷ്ടതയില്‍ 
നിസ്സഹായതയുടെ 
തണുപ്പുമായ് .
****************