Labels

2.01.2014

വേനലെഴുതിയത്

വേനലെഴുതിയത്

ഇരുട്ടിലേക്ക് കാതു ചേര്‍ത്ത്
കണ്ണടച്ച് മഴ പെറുക്കുമ്പോള്‍
വേനലിന്‍റെ കോടാലി യേല്‍ക്കാതെ
ഒരു മഴമരമെങ്കിലും
എനിക്കൊളിപ്പിച്ചു
വയ്ക്കണമെന്നു ഞാന്‍
പിറുപിറുക്കുന്നു .

ഇലകളായ്‌ പൊഴിഞ്ഞാലും
വീണ്ടും തളിര്‍ക്കുന്ന മഴകളിപ്പോള്‍
ആരൊക്കെയോ
തട്ടിക്കൊണ്ട് പോകുന്നുണ്ട്
വേഴാമ്പലിന്‍റെ
ദാഹത്തിലേയ്ക്കെത്തും മുന്‍പേ
ആരോ അതിനെ
കുടുക്കിട്ടു പിടിക്കുന്നു .
പച്ചയിലേക്കടരുവാനായും
മുന്‍പേ
പനിയിലേക്ക് പടരാന്‍
വിതുമ്പും മുന്നേ
എന്‍റെ മഴകളെയാരോ
കുടുക്കിട്ടു പിടിക്കുന്നു .

മഴത്തൈകള്‍ വളരുന്നിടങ്ങള്‍ തന്നെയും
പിന്നെയുമേതോ വെട്ടുക്കിളികള്‍
കൊത്തി കൊത്തി തിന്നു തീര്‍ക്കുന്നു .

ഇപ്പോള്‍
പുഴ മരിച്ചു പോയി
അതിന്‍റെ കുഞ്ഞെവിടെയാണ്

മഴ “

അതെവിടെയാണ്
അടയാളങ്ങള്‍ പോലുമില്ലാതെ
.
.
ഇന്ന്
വേനല്‍
പുഴകളില്‍
വയലുകളില്‍
കുന്നുകളില്‍
പിന്നെയെന്‍റെ മുറ്റത്തും
ഇങ്ങനെയെഴുതി വയ്ക്കുന്നു

“ഇവിടെ എവിടെയോ ഒരു
.
.
മഴയുണ്ടായിരുന്നു “

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "