12.29.2013

പ്രണയ ഋതുക്കള്‍


നിനക്കു വായിക്കുവാന്‍ 

വസന്തത്തില്‍ നിന്നടര്‍ത്തിയ 
ഒരു താമരയിതളില്‍ ഞാനെന്‍റെ
പ്രണയം പകര്‍ത്തുന്നു ,
സൂര്യകാന്തികള്‍ക്ക് മേലെ 
വെളുത്ത നക്ഷത്രങ്ങള്‍ 
വിതച്ചുമറച്ചുവച്ചൊരാ
നിറഞ്ഞ പകലില്‍ നാം 
ഉത്തമഗീതമുരുവിടുന്നു .

മയിലുകള്‍ക്ക് മേലെ 
നൃത്തം ചെയ്യുന്ന ആകാശം 
ലാവെണ്ടര്‍ നിറങ്ങളില്‍ 
ഉമ്മവച്ചുലയ്ക്കുന്ന കുളിര്‍ 
ശൂന്യതകള്‍ പിഴുതെറിയുന്ന 
നിശ്വാസങ്ങളുടെ ആലിംഗനം 
എല്ലാമെല്ലാം 
നമുക്ക് ചുറ്റും 
പകല്‍ നിറങ്ങളെയ്യുന്ന നീര്‍ച്ചില്ലിന്‍റെ
മനോഹാരിത നിറച്ചു വച്ചു .

നമ്മുടെ നോട്ടങ്ങളില്‍ 
ചെറിപ്പൂക്കള്‍ പൂത്തുലയുകയും 
നിദ്രകളില്‍ 
ചിത്രശലഭങ്ങള്‍ 
ദൂതുവരികയും ചെയ്തു ,
കാല്പനികതയുടെ ഉദ്യാനത്തില്‍ 
യാഥാര്‍ത്ഥ്യത്തിന്‍റെ കാറ്റാല്‍ 
കാഞ്ഞിരം ഒരില പൊഴിയ്ക്കും വരെ .

നമ്മുടെ പകലുകളില്‍ 
കറുത്ത മുന്തിരിച്ചാര്‍ നുരയുന്നതും 
കൈകോര്‍ത്തു പെറുക്കിയ
നെല്‍മണികള്‍ക്ക് മേലെ 
ഗ്രീഷ്മം പാഞ്ഞടുക്കുന്നതും
വിള്ളലുകളാല്‍ വേര്‍പ്പെട്ട 
വയലുകളെന്നപോല്‍
നാമിപ്പോള്‍ കണ്ടു നില്‍ക്കുന്നു .

അന്ന് 
കവിത തൂവി നാം വിളയിച്ച 
വാക്കുകളോരോന്നും
ഇന്ന് 
വെറും വാക്കിന്‍റെ 
വാടിയ പൂമണം
ചുവയ്ക്കുന്നു .

****************