12.29.2013

വെളിപാടുകളുടെ താഴ്വര
ചിറകുവച്ചു പറന്നു 
കൂടെപ്പോരുന്നു ചിലത് 
ഞാനതിനെ 
ഈ നിമിഷത്തിന്‍റെ വസന്തത്തില്‍ 
തുന്നിച്ചേര്‍ക്കുന്നു .
പുഴുവിലേയ്ക്ക് 
തിരിച്ചു പോകുവാനാകാത്തവിധം .

ചിലതങ്ങിനെയാണ് 
എത്രദൂരം കൂടെ സഞ്ചരിച്ചാലും 
കണ്ണുകള്‍ തമ്മില്‍ കോര്‍ത്തു പോകുന്നത് 
അത്രയും യാദൃശ്ചികം 
എന്നപോലെയായിരിക്കും 
കൈവിരല്‍ മുറുക്കവും പട്ടവും മാത്രം 
ബാക്കിയാക്കി 
പിന്നിട്ട ദൂരങ്ങളുടെ 
ആ ചരട് 
അപ്രത്യക്ഷമാക്കുന്നു .

അപ്രതീക്ഷിതമായ് 
മഴ നനയുന്ന ഉച്ച പോലെ 
വഴികള്‍ , ദൂരങ്ങള്‍ ,കാഴ്ചകള്‍ 
എല്ലാം നനയുന്നു വിതുമ്പുന്നു 
പിന്നെ 
ആകാശവും ഭൂമിയുമെന്നപോലെ
ആലിംഗനത്തില്‍ ഒന്നാകുന്നു .
അതിരുകള്‍ ,കാഴ്ചകള്‍ 
ദൂരങ്ങള്‍ സ്വതന്ത്രമാക്കപ്പെടുന്നു 
ഞാനും നീയും 
നമ്മിലേയ്ക്ക് കൈകോര്‍ക്കുന്നു .
__________________________