12.08.2013

ഹൈജാക്ക്

മണിയൊച്ചകള്‍ പ്രാര്‍ത്ഥിച്ചു തീര്‍ന്നിട്ടും 
ഇരുചക്രവാഹനം കുശലം പറഞ്ഞ്
ദേവാലയത്തിലെത്തിക്കാതെ 
വഴിതെറ്റിച്ചു മേരിയമ്മയെ .

ആദ്യ നോക്കില്‍ത്തന്നെ 
സ്നേഹം മുഴുവനും കുറുക്കികൊടുക്കാന്‍ 
കൊതിയിറ്റി കാത്തുനിന്നു ,
കീറുനോവില്‍ മയങ്ങിപ്പോയവള്‍ക്കായ് 
കണ്ണീര്‍മുഴുവന്‍ ബാക്കിവച്ചു 
കരയിക്കാതെ കൊണ്ടുപോയി 
ആദ്യ കണ്മണിയെ ....

അവളുടെ വെളുത്ത നായ്ക്കുട്ടി 
തണുത്തുപോയ ഉച്ചയിലും 
നിഴലില്ലാത്ത ലിപികളില്‍ 
അവന്‍റെയാ കുറിമാനം 
കണ്ണിറുക്കിയതാണ് ,
അപ്പോഴെല്ലാം വീണ്ടും വീണ്ടും 
പകലുകളിലേയ്ക്കില്ലം കടത്തിയാരോ 
ജീവിതത്തെ രക്ഷപ്പെടുത്തുന്നുണ്ടായിരുന്നു .

പിണക്കം മുദ്രവക്കുന്ന മിടിപ്പുകളില്‍
പതിയിരുന്നോ 
കാമുകന്‍റെ വേഷത്തിലോ 
എപ്പോഴാണിനി ജീവിതത്തെ കൊണ്ടവന്‍ 
ഒളിച്ചോടുന്നതെന്നറിയില്ല ..

അത്ഭുതം തന്നെ 
എത്ര പെട്ടെന്നാണിങ്ങനെ 
മരണമെന്ന തീവ്രവാദി 
ജീവിതത്തെ ഹൈജാക്ക് ചെയ്ത് 
നമ്മോടു വിലപേശുന്നത് !

***************************