11.17.2013

കൂട്ടിലേയ്ക്കുള്ള വഴിയെ


ഒരു പ്രഭാതം വിരിയിച്ചെടുത്ത ചിറകുകള്‍ 
ആകാശം തുഴഞ്ഞു തീര്‍ക്കവേ
കൂട്ടിലെയ്ക്കുള്ള വഴികളില്‍ ,
കാത്തിരിപ്പിന്‍റെ കണ്ണുകളില്‍ 
വിശപ്പിന്‍റെ എണ്ണയെരിയുന്നു .....

ആകാശംചുരത്തുന്നൊരാ 
സായാഹ്നങ്ങളില്‍ 


പക്ഷികളുടെ വഴികളില്‍ 
വള്ളിച്ചെടികള്‍പോലെ പടര്‍ന്നു കിടക്കും 
ഒരുമഴ

ഒരു
വെയിലതിന്‍ നേര്‍ത്ത നൂലുകൊണ്ട് 
കിളികളെ പട്ടമായ് പറത്തി
കൂട്ടിലേയ്ക്ക്‌ 
കൊരുത്തു വിടുന്നൊരാ ചിത്രം 
ചിത്രകാരനെന്നപോല്‍ പകര്‍ത്തിയെടുക്കും 
ആകാശം 

ഒരൊറ്റപ്പക്ഷിയുടെ കൊടുംചിറകുകളായ്
കാക്കത്തൊള്ളായിരം പക്ഷികള്‍ക്ക് മേല്‍ 
അടയിരിക്കാനെത്തുന്ന 
ഇരുട്ടിനു കീഴെ
ചുരുണ്ടിരിക്കുവാന്‍ പക്ഷികള്‍ 
ചിറകൊതുക്കവേ
കുരിശെന്നപോലെ കൈകള്‍ 
നിവര്‍ത്തിപ്പിടിക്കുന്നു
ഒരുമരം !

വര : സുധീഷ്‌ Kottembram