10.24.2013

നഗ്നമാക്കപ്പെടുന്ന കാല്പനികത

പ്രണയത്തിന്‍റെ പ്രഭാതം
നീയെന്ന മഞ്ഞുതുള്ളിയെ
മാറോടു ചേര്‍ക്കുന്നു .
ചുംബനച്ചൂടിനാല്‍
സ്വന്തമാക്കുന്നു .

വെയിലു ചീന്തിയെടുക്കുന്ന
ഉച്ചകളില്‍
ഒരേ പച്ചയുടെ കണ്ണുകളാകുന്നു .
ചിലന്തിക്കുരുക്കിലും
വെയില്‍സൂചി കോര്‍ത്തെടുക്കുന്ന
ചിരിതൊടുവിക്കുന്നു 
ഒരൊറ്റച്ചിരിയാല്‍
മഴവില്ല് തെറുത്തെടുക്കുന്നു .

ഇരുട്ടുരുക്കിയെടുക്കുന്ന
രാത്രികളില്‍
നീല ഞരമ്പുകളുടെ അധിപനില്‍ 
രഹസ്യത്തിന്‍റെ താളം ചേര്‍ക്കുന്നു ,
നീയെന്നില്‍ മന്ത്രമാകുന്നു .

ഏകാന്തതയുടെ 
ചിത്രവിരിപ്പുകളിലിരുന്ന് 
ഗസലുകളില്‍
അലിഞ്ഞു ചേരവേ
ചരിത്രപ്പ്രണയങ്ങളുടെ
പരിഭാഷയായ്‌
നമ്മെത്തന്നെ ഉടച്ചു വാര്‍ക്കുന്നു .

മൈലാഞ്ചി മണമുള്ള
ഒപ്പനത്താളത്തില്‍ നിന്നും
ചന്ദനത്തണുപ്പുള്ള
ഏഴുവലം വയ്പ്പിനാല്‍
മുദ്രവയ്ക്കപ്പെടുന്ന
സ്വപ്ന മഞ്ചലില്‍ നിന്നും
വിശുദ്ധപുസ്തകം ചേര്‍ത്തുവച്ച്
മരണം വരെയും
ഒന്നായിരിക്കുമെന്നു മന്ത്രിച്ച്
മന്ത്രകോടി കൈമാറിയ
ഉടമ്പടിയില്‍ നിന്നും

ജീവിതത്തിന്‍റെ ഉമ്മറപ്പടിയിലേയ്ക്ക്
നീട്ടി വയ്ക്കപ്പെടുന്ന
വലതു കാലുകളാകുന്നു.

നമ്മുടെ 
പ്രണയത്തിന്‍റെ
കാല്പനിക ഭാവങ്ങളില്‍
പുതിയൊരാകാശം
ചേര്‍ത്തു വയ്ക്കപ്പെടുന്നിടത്ത്
അലങ്കാരങ്ങളില്ലാതെ നഗ്നനായൊരു
ജീവിതം
യാത്ര തുടങ്ങിയിരിക്കും ..
***