10.24.2013

മായികം
മതങ്ങളുടെ നിറങ്ങളില്‍ 
വികാരങ്ങള്‍ ചാലിച്ചു 
വേര്‍തിരിച്ചു ചോരച്ചുവപ്പിനെ ,
ഒന്ന് മറ്റൊന്നില്‍ നിന്നും 
തികച്ചും വ്യത്യസ്ഥമെന്ന് 
തലക്കെട്ടുകള്‍ 
ഒട്ടിച്ചു ചേര്‍ത്തു .

ഇപ്പോള്‍ പ്രദര്‍ശന ശാലയില്‍ 
എന്തൊരു തിക്കും തിരക്കുമാണ് 
ആധുനികതയുടെ 
വിചിത്ര ചായക്കൂട്ടില്‍ 
പുരാതന മതഭാവങ്ങളുടെ 
ചിത്രസമ്മേളനം .
അര്‍ത്ഥതലങ്ങള്‍ അനന്തമത്രേ....
അന്തംവിട്ട് 
എന്തൊരു മഹാസൃഷ്ടിയെന്നു
താടിതടവി തലപുകച്ച് 
ചിന്തയുടെ വക്രിച്ച മുഖങ്ങള്‍ 
ഒറ്റപ്പെട്ട ഉറുമ്പുകള്‍ക്കൊപ്പം 
ഒറ്റയടിവച്ചളന്ന് കടന്നുപോയി .

അപ്പോഴെല്ലാം 
ഇരുണ്ട മൂലയില്‍ 
തലകുനിച്ചു നില്‍ക്കുകയായിരുന്നു 
പ്രാചീന ശിലായുഗത്തിലെവിടെയോ 
മുഖം നഷ്ടപ്പെട്ട 
മായം കലരാത്ത 
മനുഷ്യന്‍" എന്ന 
വിലകുറഞ്ഞൊരു ചിത്രം .