Labels

9.19.2013

ഓണമുഖങ്ങള്‍



രാത്രിമഴയിറ്റി നാണിച്ചു നില്‍ക്കുന്ന 
കാശിത്തുമ്പമൊട്ടുകള്‍ക്കും
മുക്കുറ്റി മഞ്ഞകള്‍ക്കുമിടയില്‍ 
ഓണം തുന്നും തുമ്പിച്ചിറകുകള്‍ .

മഴത്തുള്ളികള്‍ മരിച്ചുപോകുന്ന 
വെയില്‍ വഴികളില്‍ 
ആരോ ഒരാള്‍ക്കുവേണ്ടി കണ്ണു തുറന്ന 
തൂവെണ്മ,
അരികിലൊരു തുമ്പപ്പൂവിന്‍റെ ചിരി 
പ്രണയമല്ല 
പ്രകൃതിയുടെ ചേലക്കസവില്‍ 
തെളിഞ്ഞു നില്‍ക്കുന്ന ,
ചിങ്ങത്തിന്‍റെ ഒരു വാത്സല്ല്യ ചുംബനം .

പരിഭവം കൊരുത്ത് മിഴിചിമ്മി
വഴിയോരം നിറയെ 
തൊട്ടാവാടിച്ചന്തം .

നിറഞ്ഞ വയറിന്‍ വിമ്മിഷ്ടം പേറി
ക്കുഴച്ച ചോറില്‍ എച്ചില്‍ മടക്കി 
തെങ്ങിന്‍ച്ചുവട്ടിലേക്കോണം 
വലിച്ചെറിയുന്നൂ വാമനര്‍ .


അകലെയെതോ 

പേരറിയാപച്ചയാല്‍ വഴികള്‍ 
മാഞ്ഞുപോയോരിടങ്ങളില്‍
പൂവിളികളുണരാന്‍ മറക്കുന്നു
ഓണരുചികള്‍ വഴിമാറിപ്പോകുന്നു 
ചിതലുകള്‍ കളമെഴുതിത്തീര്‍ക്കുമാ 
മേല്ക്കൂരകള്‍ക്കു കീഴെ 
കുരുന്നുകള്‍ക്കു നിറച്ചുണ്ണുവാന്‍ 
ദാരിദ്ര്യത്തിന്‍ വിരുന്നൂട്ട്‌ മാത്രം "

ഓണമെന്ന രണ്ടക്ഷരത്തിന്
മലയാളത്തിന്‍റെ ആശംസകള്‍ 

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "