9.19.2013

മുറിവുകളുടെ പാട്ടുകാര്‍

നക്ഷത്രക്കണ്ണുള്ള 
കുട്ടികുപ്പായക്കാരെ 
ആരാണ് 
കൊളുന്ത് നുള്ളും ലാഘവത്തോടെ 
ജീവിതത്തില്‍ നിന്നും 
മരണത്തിലേയ്ക്ക് 
നുള്ളിയെടുക്കുന്നത് ?

മുറിവുകളുടെ പാട്ടുകാരിപ്പോള്‍ 
ഏതേതോ രാഗങ്ങളുടെ സന്തോഷത്തെ 
കണ്ണുനീരിറ്റിച്ചു കാച്ചിയെടുക്കുന്നു .

വാക്കുകള്‍ തിണര്‍ത്തുപോയ 
കാറ്റിനെ 
നിറങ്ങള്‍ അടര്‍ന്നുപോയ 
സ്വപ്നങ്ങളെ
കൊഞ്ചലുകള്‍ പിണങ്ങിപ്പോയ 
കാലത്തിനെ 
എല്ലാമെല്ലാം പിന്നിലാക്കി ,
മൃതിയുടെ രുചിയുള്ള 
ഭീതിയുടെ മിടിപ്പുകളുള്ള 
കാല്‍വേഗങ്ങളില്‍ 
നഗരങ്ങളെ ശൂന്യമാക്കുകയാണവര്‍ ,

വേദനകളുടെ 
പാനപാത്രം കുടിച്ച് 
വിലാപത്തിന്‍റെ
സുവിശേഷമുരുവിട്ട് 
കലാപത്താല്‍ വിശുദ്ധരായവര്‍ 
.................... ,

ജന്മദേശത്തെ അഭയാര്‍ഥികള്‍ .