9.07.2013

ലജ്ജാധികാരം

വികാരങ്ങള്‍ 
പരിഭാഷപ്പെടുത്തുമ്പോള്‍ 
അവ 
വേശ്യയുടെ
ഉത്തരീയത്തിന്‍റെ സുതാര്യതയില്‍
മുഖം മറയ്ക്കുകയും
രാത്രിയെന്നപോല്‍
ആഴമുള്ളതും
പകലിനെപ്പോലെ
തെളിച്ചമുള്ളതുമായ
മാന്യതയുടെ ഒരറ
കണ്ടെടുക്കുകയും ചെയ്യുന്നു .

അധികാരം ഒരു
ചതുരംഗപ്പലകയായ്‌
പരിണമിക്കുന്നിടത്തു
കണ്ണാരംപൊത്തിക്കളിക്കുന്നവരുടെ
ഒളിവേഗങ്ങളില്‍ നിന്നും
എണ്ണിത്തീര്‍ക്കുന്നവന്റെ
കള്ളനോട്ടങ്ങളില്‍ നിന്നും
കരുനീക്കങ്ങള്‍
വിവസ്ത്രരാക്കപ്പെടുന്നു .

ഇരിപ്പിടങ്ങളുടെ
സ്വര്‍ണ്ണ ഇഴകളില്‍
മത്തുപിടിച്ച അട്ടകള്‍
അലങ്കാരമെന്നോണം
തൂങ്ങിക്കിടക്കുന്നു ,
നീതിയുടെ കണ്ണുകളില്‍ നിന്നും
ചോരയൂറ്റുന്നു ,പിന്നെ
പതിയെപ്പതിയെ
അന്ധകാരം നിറയ്ക്കുന്നു .

സമരജ്വാലകള്‍ക്കു നടുവില്‍
മുഷ്ടിചുരുക്കങ്ങള്‍ക്കൊടുവില്‍
തോരാത്ത
ഋഷിഭാവങ്ങളുടെ പ്രതിഷ്ഠ
തെന്നിവീഴവേ
ചര്‍ക്കയില്‍ നിന്നും കൈകൂപ്പി
പുതിയൊരു അര്‍ദ്ധനഗ്നന്‍
നൂറ്റെടുക്കപ്പെട്ടു കഴിഞ്ഞിരിക്കും .

മുറിവേറ്റ പ്രജകള്‍
ആര്‍പ്പുവിളികളിലേയ്ക്കും
സമരക്കൊടികളിലേയ്ക്കുമായ്‌
വീണ്ടും
പിരിച്ചെഴുതുന്നിടത്തു
"നന്ദി വീണ്ടും വരിക "യെന്നു
വീണ്ടുമേതോ നീലക്കുറുക്കന്‍
ഓരിയിട്ടാവര്‍ത്തിക്കും .
*****************************