9.07.2013

വേനലുകള്‍ഒറ്റയൊറ്റയായ്‌ 
പറിച്ചു നടപ്പെടുന്ന 
വേനലുകള്‍ 

വയ്ക്കോല്‍ മഞ്ഞയിലേക്ക് 
പാഞ്ഞു കയറുന്ന 
തിളക്കങ്ങള്‍ പോലെ 
അവ പൊടുന്നനെ 
ഇണചേരുകയും 
തന്നിലേക്ക് തന്നെ 
അപ്രത്യക്ഷമാകുകയും 
ചെയ്യുന്നു .

മഞ്ഞക്ക് കീഴെ 
അടയിരിക്കാനെത്തുന്ന 
ഗൃഹാതുരതയുടെ 
ലഹരിയാകുന്ന 
പച്ച 

പച്ചയെന്നു 
അബോധത്തില്‍ 
ഉറക്കെകരയുമ്പോഴും 
നീയൊരു 
വേനലിന്റെ സമൃദ്ധിയില്‍ 
ഒറ്റപ്പെട്ടു പോയ 
മഴയൊച്ച മാത്രമെന്ന് 
ഉറക്കെച്ചിരിക്കാനൊരു
തണല്‍ പോലുമില്ലാതെ 
ശൂന്യമാകുന്നു .

കുഞ്ഞേ 
ഇതാ നിനക്കൊരു 
വെടിയൊച്ചയുടെ താരാട്ട് 
ഏങ്ങലുകളുടെ ഈണം .
ശലഭങ്ങളില്ലാതെ 
പൂവനക്കങ്ങളില്ലാതെ 
വേര്‍പ്പെട്ടു പോകുന്നോരാ 
വേനലുകള്‍ നമ്മള്‍,
മഞ്ഞിച്ചു മഞ്ഞിച്ചു 
മരിച്ചു പോകുന്നോരാ 
പച്ചകള്‍ .

ഉയിര്‍ത്തെഴുന്നേല്‍---_ 
ക്കാനാകാത്ത വിധം 
വേനലുകളില്‍ നാം 
ബന്ധിതരായിരിക്കുന്നു 
വേനല്‍ 
കാട് പോലെ സമൃദ്ധവും 
വീട് പോലെ 
ശൂന്യവുമായിത്തീരവേ 
ഞാന്‍ ഞാനെന്ന മന്ത്രത്തില്‍ 
നാം അപ്രത്യക്ഷരാകുന്നു .


************************