9.07.2013

കൈകോര്‍ത്തു പെയ്യുന്നവര്‍ - ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിന്‍

കൈകോര്‍ത്തു പെയ്യുന്നവര്‍

Sony Dith

- സോണി ഡിത്

നമ്മുടെ ആകാശങ്ങളിലിപ്പോള്‍
നിറഞ്ഞുപെയ്യുന്നത്
സൂര്യന്‍റെ കണ്ണുകളാണ്.
വയലറ്റ് പൂക്കളേന്തിയ മരനിഴല്‍
കാട്ടരുവി താണ്ടിക്കടക്കുന്ന
മദ്ധ്യാഹ്നങ്ങളില്‍
കൂടുകളിലേയ്ക്ക് ദൂരമളക്കുന്ന
കാട്ടുപക്ഷികളുടെ
sony dythചിറകടികളില്‍ നിന്നും
പൊഴിയുന്ന
തൂവല്‍ പോലുള്ളൊരാ
ഉമ്മകള്‍
നാം
ശേഖരിച്ചു വയ്ക്കുന്നു.
പച്ചത്തഴപ്പായിലൊരിരുള്‍
നടുനിവര്‍ത്തവേ
കടല്‍ദൂരം താണ്ടി
കനവിന്‍ മഞ്ചലേറിയൊരു
മേഘകനം
നമ്മുടെ വിരഹത്തിന്‍
മണല്‍ മര്‍മ്മരങ്ങളില്‍
നനഞ്ഞു തീരാന്‍ പുറപ്പെടുന്നു
ഓര്‍മ്മകളില്‍
കൈകോര്‍ത്തു പെയ്യവേ
തൂവല്‍ത്തണുപ്പുള്ള ചുംബങ്ങള്‍
വീണ്ടും നമ്മള്‍
പെറുക്കിയെടുക്കുന്നു.
പിന്നെയാ
വസന്തവും ശിശിരവും
മഴകളും തുന്നിച്ചേര്‍ത്ത
കമ്പളത്തെ
നെടുവീര്‍പ്പുകളാല്‍
ചൂടുപിടിപ്പിക്കുന്നു .

നിദ്ര നീന്തിക്കടക്കവേ
പിന്നെയുമാ
സൂര്യന്‍ നിറഞ്ഞു പെയ്യുന്നു.
ആകാശത്തിന് കീഴെ
അരുവി മുറിച്ചു കടക്കുന്ന
നിഴലുകളില്‍ ഒട്ടിയിരിക്കുന്ന
ശലഭവിശ്രമങ്ങളായ്‌
നാം
നമ്മെ കണ്ടെടുക്കവേ
നിദ്രയിലും
നിറമുള്ള കണ്ണുകളെന്നുറക്കെ
ചിറകടിക്കുന്നു.
_____________________________________________________________