8.02.2013

കണ്ടെടുക്കേണ്ട ഒന്ന്ഏകാന്തതയുടെ കിടങ്ങിനാല്‍ 
ഒറ്റപ്പെട്ടുപോകുന്നവന്‍റെ 
കുനിഞ്ഞിരുപ്പിനിപ്പുറം
കാഴ്ചകളുടെ 
കടലനക്കങ്ങളുണ്ട് .

മുഖമുയര്‍ത്തുവാന്‍ മടിക്കുന്ന 
നിനക്കിരുവശവും 
വിളര്‍ത്ത കണ്ണുകളുടെ 
കുരിശുമരണങ്ങളുണ്ട് 
ആര്‍പ്പുവിളികള്‍ക്കിടയില്‍ 
ഒറ്റപ്പെട്ടുപോയവന്‍റെ
വിശപ്പുണ്ട്.
വിവേകങ്ങള്‍ 
ചീഞ്ഞുപോയവരാല്‍ 
മുറിവേല്‍പ്പിക്കപ്പെട്ട 
പുഞ്ചിരികളുണ്ട് .

നിന്നിലേയ്ക്ക് മാത്രം 
നോക്കിയിരിക്കെ 
ചുറ്റും നിറഞ്ഞു തൂകുന്നത് 
നീ മാത്രം .

ഏകാന്തതയുടെ കിടങ്ങെന്നത് 
സ്വാര്‍ത്ഥതയാല്‍ 
പതിച്ചു വയ്ക്കപ്പെട്ട 
ത്രിമാനമരീചികയെന്നത് 
നീയിനിയെന്നാണ് 
കണ്ടെടുക്കുക .