7.03.2013

ഇണക്കങ്ങള്‍
ഒരുമിച്ചിരുന്ന 
ആ മരത്തണലില്‍ നിന്ന് 
നിഴല്‍ വറ്റിപ്പോകുന്ന 
നേരങ്ങളില്‍ 
കാണാതാകുന്നുണ്ട് 
നിന്നെ .

കണ്ണില്‍ 
കുസൃതിയുടെ 
മീന്‍കുഞ്ഞുങ്ങളുമായി ,
ഒളിച്ചു കളിയില്‍ 
ജയിച്ചവന്‍റെ 
പുരിക വളവുകളുമായ്‌
പ്രഭാതത്തില്‍ 
നിഴല്‍ കോരിപ്പരത്തുന്ന 
വെയിലില്‍ നിന്ന് 
ഉറവയെടുത്ത് 
നീയെന്നോട് 
വീണ്ടും ചേര്‍ന്നിരിക്കുന്നു .

നിഴലുകളുടെ 
വിടവുകളില്‍ നിന്ന് നാം 
വെയിലിനെ 
ഭാഗിച്ചെടുക്കുകയും 
തണലുകള്‍ 
കൂട്ടിത്തുന്നുകയും ചെയ്യുന്നു .

നമുക്കു മേലെ 
പിന്നെയും 
ഒരുമരം 
പറിച്ചു നടപ്പെടുന്നു .
നാം വീണ്ടും നിഴലിനാല്‍ 
പകര്‍ത്തി 
എഴുതപ്പെടുന്നവരാകുന്നു .