6.30.2013

ഹൈക്കു haiku പോലെ


പുരാതന ജലാശയ 

ധ്യാനത്തിലേക്കര്‍ച്ചനയായ് മണ്ഡൂകം
ഓംകാരം !_ഈറനിറ്റുവീണ വഴിയെ
അവള്‍ നുള്ളിയെന്നൊരു 
തുളസീഗന്ധ പരിഭവം

ജാലകവിരിയിളക്കങ്ങള്‍
ഗന്ധരാജ സുഗന്ധം നിലാവും ,
നിദ്രയിലേയ്ക്ക് വിരുന്നുകാര്‍ .
യാത്രയിലൊരു 
മരക്കുറ്റിയുടെ നിഴലില്‍ തട്ടി 

മുഴച്ചുപോകുന്നു കാഴ്ച
മരമൊന്നുലയവേ

മരണമൊരുമാത്ര വെയില്‍ കാഞ്ഞു 

മഞ്ഞുതുള്ളികളില്‍പുലരി കവിത തുന്നും വരെ 
പൂ മൊട്ടുകള്‍ക്ക് മേലെ 
കറുത്ത ശലഭവിശ്രമംഇന്നീപുലരിയെത്ര സൌമ്യം 
ഏലക്കാമണക്കുന്ന ചായക്കും 
ഘടികാരതാളത്തിനുമൊപ്പം !

മലകള്‍ക്കു മേലെ 

ചിറകു കുടയുന്നാകാശം ,

തൂവല്‍ത്തണുപ്പ് വീതിച്ച് കാറ്റ് . 

കണ്ണുകളില്‍ 

വേനല്‍ നിറച്ച് വൃദ്ധഭിക്ഷു 

ഒരേ പച്ചയുടെ സമൃദ്ധി
കുഞ്ഞിക്കണ്ണുകളില്‍ 
വിരുന്നു വന്നൊരു മഴ 
അമ്മച്ചൂട് .
നെടുവീര്‍പ്പുകള്‍ 

തിരിയുലയാതെ കാഴ്ചമുറിക്കാതെ 

കാലൊച്ച കാതോര്‍ത്ത്ഇരുളിനൊപ്പം 

കൈവഴിയുടെ ആലസ്യത്തിനപ്പുറം

ഉണരുന്ന തെരുവ്‌
എന്‍റെ മഴയ്ക്കുമേല്‍ 

അടയിരിക്കുന്നീ കാലം 

ഇല്ലിയിലകളുരസും സ്വനം

വാകപ്പൂമണമുള്ള സായാഹ്നം 
ഏകാന്തത പാടിയുടയ്ക്കുന്നു 
പക്ഷി ഇരുളിന്‍റെ ആഴങ്ങളിലേക്ക് 

കളഞ്ഞു പോകുന്നൊരു 

മോതിരത്തിളക്കം 
ജാലകവിരികള്‍ വകഞ്ഞു നീ 

നോക്കിലൊരുതുള്ളി 

നിലാവിറ്റിച്ചു .
കാറ്റെഴുതിയെന്തോ 
മഴയത് വായിച്ചു വരുന്നുണ്ട് 
കവിതയാക്കി

വിളക്കിന്‍ 

നാണത്തിലേക്കൊരുമ്മ 
ഗാന്ധര്‍വ്വ സാക്ഷിയായ് ഇരുട്ട് .

മഴയ്ക്കക്കരെ
തുമ്പപ്പൂക്കളുറങ്ങുന്നു

പൂവിളികളുണര്‍ത്തും  വരെ .പാല്‍ച്ചിരിയാലൊരു വസന്തം 


കണ്ണില്‍ വിരുന്നു വരുന്നു


മഴവില്ല്
 

ബധിരന്‍റെ സംഗീതമോ 

ഇരുട്ടിലിതളടര്‍ത്തുമീ 

ഗന്ധരാജ സുഗന്ധം !
 
ചുവന്ന 

തൂവലുകളുപേക്ഷിക്കുന്നു 

വേനല്‍പ്പക്ഷിയുടെ പ്രണയം 

വേനലിനക്കരെ 

ഗൃഹാതുരതയുടെ വഴികള്‍ 

നനച്ചിടുന്ന മഴ .
കാറ്റുരച്ചു നോക്കവേ 

തേഞ്ഞുപോകുന്നൂ

ഒരാകാശം 


ഒരുതുടം വെണ്ണ 
ഇണയരയന്നങ്ങള്‍ക്കൊപ്പം 

അലിയാതെ ...
പൊള്ളിപ്പഴുക്കുന്നിളംകാറ്റ് 

അകാലവാര്‍ദ്ധക്യത്തിലൊരു 

പകല്‍
ഇരുള്‍ മുത്തിപ്പുണരുന്നു 
പൂമ്പാറ്റച്ചിറകുകള്‍ പോലും 

കറുത്തുപോകുന്നു .


ഇരുട്ടിലിഴപാകിയടുക്കി 


സുഗന്ധസംഗീതം വിടര്‍ത്തുന്നതേതു

പൂക്കള്‍ !

ഗ്രാമങ്ങളിലേക്ക് 
ആഴ്ന്നു പടരുന്ന ഇത്തിക്കണ്ണികള്‍ ,

നഗരമേ
നീയുമൊരു വേശ്യയോ .
നിശ്വാസങ്ങളില്‍
നിദ്രയുടെ ആലിംഗനം 

നീര്‍മൊട്ടുപോലത് കൂമ്പുന്നു .
ചെറിമരങ്ങളുടെ നിഴല്‍

ചിറകുവിരിച്ച് മതില്‍ 

പ്രണയം !
ഇലതിന്നും പുഴു 

ഇരുട്ട് രുചിച്ചു രുചിച്ച്‌

പതിയെപ്പതിയെ . 

പിച്ചളക്കണ്ണികളില്‍ 
കുരുങ്ങിക്കിടപ്പാണ് 
ഗ്രീഷ്മസായന്തനം .
നിശബ്ദമിഴികള്‍ 

ചാറ്റല്‍ മഴയുടെ മൂടുപടമണിഞ്ഞ്

തെരുവിനു മീതെ .പിച്ചളക്കണ്ണികളില്‍ 
കുരുങ്ങിക്കിടപ്പാണ് 
ഗ്രീഷ്മസായന്തനം .
_
____________________________


നിലാവ് കീറിവരുന്നു
അനന്തതയിലൊരു പക്ഷിയുടെ
പാട്ട് .


പകല്‍ മുറിഞ്ഞു
നിഴലൊഴുകിയൊഴുകി
ഈ പുഴ കരകവിയും .