6.18.2013

ഒറ്റപ്പെട്ടു പോകുന്നവ
ശിശിരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന 
വിളക്കുകാലുകളാണെന്‍റെ 
ഓര്‍മ്മകള്‍ .

അക്കേഷ്യപ്പൂക്കള്‍ മണക്കുന്ന 
സായാഹ്നങ്ങളില്‍ 
ഏകാന്തതയ്ക്ക് മീതെ 
മഴപെയ്യുകയും ,
ഓര്‍മ്മകള്‍ 
പ്രളയമായ് അതിനെ 
കുടിയൊഴിപ്പിക്കുകയും 
ചെയ്യും .

ചുവന്ന 
തൂവലുകളുപേക്ഷിക്കുന്നു 
വേനല്‍പ്പക്ഷിയുടെ പ്രണയമായ്‌ 
തോരുമ്പോള്‍ 
പകലിന്‍റെ 
വെയില്‍ത്തുള്ളികളെ മുഴുവന്‍ 
വായിച്ചെടുത്ത ദാഹങ്ങള്‍ 
മാത്രം ബാക്കിയാകാറുണ്ട് .

ഗൂഡചിന്തകളുടെ 
ഭാവങ്ങളിലേയ്ക്ക് 
ഏകാന്തതയുടെ 
വഴിക്കോണിലേയ്ക്ക്‌ 
വീണ്ടും തിരികെ നടക്കവേ 
നീയെന്ന ഓര്‍മ്മകളില്‍ 
വീണ്ടും ഞാന്‍ 
ഹേമന്തത്തിന്‍റെ 
വെയില്‍ കായുന്നു .

ഇലകൊഴിയും കാലത്തിന്‍റെ 
ഒറ്റപ്പെട്ട വിളക്കു മരമാകുവാന്‍
നിഴലിനെക്കൂടി 
ഉരിഞ്ഞു കളയുമ്പോള്‍
മൌനത്തിന്‍റെ 
മഞ്ഞുശല്‍ക്കങ്ങളേറ്റ് 
ധ്യാനത്തിലേയ്ക്ക് 
വഴി മുറിച്ചു കടക്കുന്ന
നിമിഷം എന്നിലേക്ക് 
പറിച്ചു നടപ്പെടുന്നു ,
വീണ്ടും 
ഞാനൊറ്റയാകുന്നു .