5.15.2013

മയില്‍പ്പീലികള്‍ക്കുപകരം                                                           കാല്‍ നനയ്ക്കാതെ
ഇന്നുമീ പകല്‍പ്പൂവ് 
കൊഴിഞ്ഞു പോകുന്നു .

രാവിഴചേര്‍ത്ത 

കറുത്തചേലയില്‍ നക്ഷത്രങ്ങള്‍ 
തുന്നിച്ചേര്‍ക്കവേ 
അരയന്നങ്ങള്‍ ചേക്കേറിയ 
എന്റെ നനുത്ത സ്വപ്നത്തിലേയ്ക്ക് 
ഒരു കുമ്പിള്‍ മുല്ലപ്പൂമണം 
ഓര്‍മ്മകളുടെ 
പുരാതന ശില്‍പ്പങ്ങള്‍ മൂടിക്കിടക്കുന്ന 
തൊടിയില്‍ നിന്നും കട്ടെടുത്തു തരുന്നു .
ഓളങ്ങളുടെ അലങ്കാരങ്ങളില്ലാതെ 
അലസയായിന്നും 
ആ പഴയ കുളത്തിന്‍റെ ആത്മാവ് 
ആമ്പല്‍ക്കൂമ്പ് നീട്ടുന്നു .
നിഴലനക്കാതെ 
നീര്‍ തൊട്ടു നോക്കാതെ 
വീണ്ടുമാ ബാല്യം 
കൊലുസ്സിളക്കങ്ങളിലേയ്ക്ക്
തള്ളവിരലൂന്നി എത്തിനോക്കുന്നു .
കൊഴിഞ്ഞൊരു പകലിനെയും
തുവര്‍ത്തിയെടുത്ത ഓര്‍മ്മകളേയും 
മയില്‍പ്പീലികള്‍ക്ക് പകരം ഞാന്‍ 
മാനം കാണാതെ കാത്തു വയ്ക്കുന്നു .