4.03.2013

ഓര്‍ക്കിഡ്‌ പുഷ്പമാകുവാന്‍ -എന്‍റെ സ്വപ്ന സഞ്ചാരം
പുന്നെല്ലുലയുന്ന പ്രഭാതത്തില്‍ 
ഞാനൊരു ,
ചുണ്ട് ചുവന്ന പക്ഷിയാകുന്നു .
കൊത്തിയെടുത്ത 
ഒരു കതിരുമായി 
സ്വപ്നത്തിലേക്ക് ചേക്കേറുന്നു .
ആ രാവിന്‍റെ
മുല്ലമണം കിനിയുന്ന നേരത്ത്
നിലാവഴിഞ്ഞ വാനത്തിനു കീഴെ 
ഞാനൊരു സഞ്ചാരിയാകും .
കാട്ടുപൂക്കള്‍ നേദിക്കുന്ന 
ദേവനെത്താണ്ടി ,
കടലുമണക്കാത്ത തീരം താണ്ടി 
മഴകൊണ്ടു മുറിവേറ്റവരുടെ 
കണ്ണീരിലേക്ക് നടന്നു കയറും .

തൂവല്‍ക്കനമില്ലാത്ത ചിന്തകളില്‍ 
ഒഴുക്ക് നിലക്കാത്ത സ്നേഹത്തില്‍ 
ലോഹമനസ്സുകളില്‍ നിന്ന് 
മൃദുലമായ മിടിപ്പുകളാകാന്‍ 
മാതളപ്പൂക്കളുടെ കൂട്ടുകൂടണമിനി .
സ്വപ്നങ്ങള്‍ 
വരണ്ടു പോയവരുടെ 
പാടത്ത് ,
വിത്ത്‌ വിതക്കാന്‍ 
ദൈവത്തിന്‍റെ കയ്യിലെ 
വെളുത്ത മേലങ്കിക്കായ്‌ ,
കൈകൂപ്പണം .
മനുഷ്യപുത്രനാകുവാന്‍ 
ചെരുപ്പുകളഴിച്ചുവച്ചവന്‍റെ കൂടെ 
ജോര്‍ദ്ദാനില്‍ മുങ്ങി നിവരാനിനിയും 
ദൂരമുണ്ടോയെന്നറിയില്ല .

ഉടലുകളില്ലാതെ ,
ആത്മാവില്ലാതെ 
ചിറകുമാത്രം വിരിഞ്ഞു പറക്കുന്ന 
യാമത്തിലേക്കെത്തും മുന്‍പ്‌ ,
പാതകളുടെ അറ്റങ്ങളില്‍ 
ബിന്ദു ചേര്‍ക്കും മുന്‍പ്‌ ,
നമുക്കിടയില്‍ കൊഴിയാത്ത 
ഒരോക്കിഡ് പുഷമായ്‌ 
മുളച്ചു നില്‍ക്കണം