3.31.2013

വേനല്‍ വികൃതികള്‍മഞ്ഞ വെയില്‍ മാത്രം 
തളിര്‍ത്തും കരിഞ്ഞും 
ഒരിലപോലെ !

വേനലേ
നീയെന്നില്‍ നിന്നും 
തണുപ്പിന്റെ വസ്ത്രം 
ഊരി വാങ്ങിയിരിക്കുന്നു .
ആകാശ അകിടുകളെ 
താഴിട്ടു പൂട്ടിയ 
നിന്‍റെ കാവലില്‍ 
ഭിക്ഷക്കാരിയെപ്പോലെ 
കീറിയുണങ്ങിയൊരുവള്‍ 
വിവശതയിലും 
കൈ നിറയെ 
രക്തപുഷ്പങ്ങളുമായ്
നിനക്കായ്‌ 
നിവേദ്യം നീട്ടുന്നു .
നനവറിയും മുന്‍പേ 
പെയ്തു തീര്‍ന്ന്
ചൂട് വിഴുങ്ങിയ 
നിലക്കടകള്‍ കൊറിച്ചു 
രസിക്കുന്നവനായ്‌ 
നീയിപ്പോള്‍ 
പകലിന്‍റെ 
വിയര്‍പ്പിന്‍ മണമുള്ള 
നാലുമണികള്‍
വിരിയിച്ചെടുക്കാന്‍ 
കോതമ്പു നിറം 
ചിക്കിപ്പരത്തുകയാണല്ലോ !