3.30.2013

നിറഞ്ഞുകൊണ്ടെയിരിക്കുന്നവര്‍ - കാക്ക മാസിക(കാക്കനാടന്‍))) )


പൂക്കളായിരുന്നില്ല 
കണ്ണില്‍
വിടര്‍ന്ന മൌനമായിരുന്നു .

തുമ്പികളായിരുന്നില്ല
സ്വപനങ്ങളില്‍
നിറയാന്‍ മടിച്ച
ചോറ്റുപാത്രത്തിന്‍റെ
നഗ്നതയായിരുന്നു .
കല്ലുപെറുക്കി കുടംനിറച്ച
മുത്തശ്ശികാക്കയാകുമായിരുന്നു
അമ്മ .
അരപ്പു ചേത്തിട്ടും
പ്രളയം മാത്രം പെറുന്ന
കറിക്കലത്തിന്‍റെ അഹങ്കാരം
ഇടയ്ക്കിടെ തിളച്ചു
പറയുമായിരുന്നു അത് .
ചിന്തകള്‍ പിണങ്ങിപ്പോയ
മനസ്സുപോലെ ,
ആണ്ടുപാതിയും
ധ്യാനിച്ചിരിക്കും അടുപ്പ്‌ .
നോവ്‌ പുകച്ചച്ഛനും
നിദ്രകീറി അമ്മയും
ദിവസങ്ങളോരോന്നും
അലക്കിയെടുത്ത്
വിരിച്ചുണക്കുമായിരുന്നു .
എങ്കിലും
എന്നും
സ്വന്തമായുണ്ടായിരുന്നു ,
വികാരം പണയം വക്കാത്ത
നിറഞ്ഞുകൊണ്ടേയിരുന്ന
രണ്ട്
അക്ഷയപാത്രങ്ങള്‍ .
__________________________