3.19.2013വേദനകള്‍ക്കെല്ലാം 
ഒളിപ്പോരാളിയുടെ 
ശരീര ഭാഷയായിരിക്കും 
മനസ്സുറപ്പോടെ 

ഏകാഗ്രതയോടെ
ഓരോ ശ്വാസത്തെയും നീ
മറികടക്കുമ്പോള്‍
നീയുമൊരു പോരാളിയാകുന്നു .
ജീവിതത്തിന്‍റെ ഒരറ്റത്ത്
കൈനീട്ടി നില്‍ക്കുന്ന
ഒരു കുഞ്ഞുണ്ടെന്നു കരുതൂ .
നിന്‍റെ ചുവടുകളില്‍
ആവേശവും
ലക്ഷ്യവും പടര്‍ന്നിരമ്പും .
വേദനകള്‍ വാതിലുകളാകും
ചിലപ്പോഴവ
താഴ്വാരങ്ങളും
കുന്നുകളും മരുഭൂമിയും
മരീചികയും നിനക്ക് മുന്നില്‍
സൃഷ്ടിച്ചുകൊണ്ടേയിരിക്കും .
നിന്‍റെ ശരീരം
പുഴുവായും
അമ്പുകൊണ്ട പക്ഷിയായും
കള്ളിച്ചെടിയായും
ശംഖില്‍ കുടുങ്ങിയ കാറ്റായും
ജനിച്ചുകൊണ്ടേയിരിക്കും .

മുറിവാകള്‍
തീര്‍ക്കുണ്ടായിരിക്കും
വാള്‍മുനകള്‍ ,
അതിലേറെ തീവ്രതയോടെ
അവയ്ക്ക് നേരെ
നിന്‍റെ ആയുധങ്ങളും
നീട്ടുക തന്നെ വേണം .
ഓരോ
വാതിലുകള്‍ തുറക്കുമ്പോഴും
ജയിച്ചു മുന്നേറുന്നുവെന്നു
നീയുറക്കെപ്പറയുക .
ഇന്ന് വിരിഞ്ഞ പൂവും
നീയും
ചേര്‍ന്നു നില്‍ക്കുമ്പോള്‍
നാളെ തന്‍റെ ചിരി
കൊഴിയുമെന്നു ചൊല്ലി
കടന്നുപോകുന്ന കാറ്റിനോടും
തലയാട്ടി
തലയുയര്‍ത്തി യാത്രപറയുന്ന
ആ ഇത്തിരിപ്പൂവിനെ
നീ കാണുന്നില്ലേ .
_______________________