3.03.2013

എന്നിലേക്ക് മാത്രംഞാനടര്‍ത്തിയെടുത്ത
വേനലിന്‍റെ ചില്ല 
തളിര്‍ക്കുന്നു .
വെയില്‍ വഴികളറിയാതെ
കൂമ്പിയുണര്‍ന്ന
ഒരില മാത്രമുള്ള ചില്ല .
എപ്പോഴാകാം
വസന്തത്തിന്‍റെ
അവില്‍പ്പൊതിയുമായ്
വേനലീ
പുഴകടന്നിട്ടുണ്ടാകുക .
കാലം വിരല്‍പ്പതിച്ച
കരിയിലകളെല്ലാം
പള്ളിക്കൂടം വിട്ടുവരുന്ന
ബാല്യങ്ങളായ്
യാത്ര തുടരുന്നുണ്ട് .
ഒരു നിഴലുടല്‍ പോല്‍
ഇടയ്ക്കിടെ
നേര്‍ത്ത് നേര്‍ത്ത്
പിന്നെ
വീര്‍ത്തു വീര്‍ത്ത്
നീണ്ടു നീണ്ട്
ശിഷ്ടമെപ്പോഴും
ഞാനായ്ത്തന്നെ മാറുന്ന
കണക്കുകൂട്ടലുകളിലൂടെ
പുലരികളെല്ലാം
മറിഞ്ഞു വീഴുമ്പോള്‍
രാവുകളെല്ലാം
തിളച്ചു തൂവുമ്പോള്‍
കഴിഞ്ഞ സന്ധ്യയില്‍
കൊളുത്തിയ
വിളക്കിന്‍ കരിതൊട്ടു
കണ്ണെഴുതിയവളെപ്പോല്‍
മടിച്ച് മടിച്ച്
ഒളിച്ച് ഒളിച്ച്
ഒരു നിഴലിന്‍റെ ജന്മിയായ
ഞാനുമിതാ
വീണ്ടും മടങ്ങിയെത്തുന്നു
എന്നിലേയ്ക്ക്
എന്നിലേയ്ക്ക് മാത്രം .