3.01.2013

ചവര്‍ക്കുന്നവര്‍
ഓര്‍മ്മകളുടെ വിത്തിനുള്ളില്‍ 
ചവച്ചെറിഞ്ഞവരുടെ 
ഉന്മാദങ്ങളുടെ 
ചവര്‍പ്പറിയുന്നവള്‍. .
മുറിവേറ്റ ചില്ലക്ഷരങ്ങളായ്‌ 
ഉലയുന്ന ചിലര്‍

ന്യായം ഇറുക്കിപ്പിടിച്ചവളുടെ 
ഭ്രമണപഥം നൂണ്ടുവലയുന്നു .
നീലിച്ച പകലിലേക്ക് 
ശലഭങ്ങള്‍ 
ചിറകൊതുക്കുമ്പോള്‍ ,
വാര്‍ത്തകളുടെ 
ആവനാഴിയില്‍ നിന്നും 
മുറിവേറ്റവരുടെ ഗദ്ഗദങ്ങള്‍ 
ആക്രോശിക്കുന്നവന്‍റെ
തൊണ്ടമുഴക്കം ,
ഹീമോഗ്ലോബിനില്‍ 
വേലിയേറ്റങ്ങള്‍ 
കുലുക്കിയെടുക്കുന്നവന്‍റെ 
മുഷ്ടിച്ചുരുക്കങ്ങള്‍ 
മുഖം മായ്ടുച്ചെടുത്തും 
പൊതിഞ്ഞുകെട്ടിയും
കളഞ്ഞുകിട്ടിയ ഉരുക്കളെ 
മേയ്ച്ചു നടക്കുന്ന 
ന്യായപ്പറമ്പുകള്‍ ,
എല്ലാം 
വീണ്ടും വീണ്ടും 
അവള്‍ രുചിക്കാത്ത 
ഞാവല്‍പ്പാടുകളുടെ 
ചവര്‍പ്പറിയിച്ചു-
കൊണ്ടേയിരിക്കുന്നു .

_____________________