Labels

2.02.2013

വേരുകള്‍ ,നീലവെയില്‍ ,നിദ്ര




വേരുകളാകുന്നു
_________________
മാനത്തേക്ക് ,
മരങ്ങളിലേക്ക് ,
മണ്ണിലേക്ക് ,
മനുഷ്യരിലേക്ക് ,
നീണ്ട് നീണ്ട് വളരുന്നു
കണ്ണുകളുടെ വേരുകള്‍ .

ആഴങ്ങളെ പ്രണയിച്ച്
ഒരുതിരി മേലോട്ടുയരുന്നു .
കവിത മണക്കുന്ന
ചില്ലകളില്‍
ജാതിയുടെയും മതത്തിന്‍റെയും
ഇലകളായ ഇലകളൊക്കെയും
ചൂടേറ്റ് കരിയുന്നു .

വെളുത്ത പൂക്കള്‍
ചുവന്ന പകല്‍ ,
വാക്കുകളെ ചുട്ടെടുക്കുന്ന
നമുക്കിടയിലെ
ശൂന്യത
ഒക്കെയും
ഒരു രാവായ്‌ മാറുന്നു .
നാം പിന്നെയും
വേരുകളായ്
പക്ഷിയുടെ മൌനമായ്‌
ആഴ്ന്നാഴ്ന്ന്‍
കണ്ണുകളിലേയ്ക്ക്
ഒരു പകലിനെക്കൂടി
മടക്കി വയ്ക്കുന്നു .
***********************

നീല വെയില്‍

സ്വര്‍ണ്ണനൂലിഴകളില്‍
ഈ പകല്‍
നെയ്തെടുത്തിരിക്കുന്നു .
മഞ്ഞുമണക്കുന്ന
രാവിലേക്ക്
നിലാവെയ്യുന്ന
ചന്ദ്രബാണം
ഉരുക്കിയെടുക്കാന്‍
അസ്തമയത്തിന്‍റെ
കിടങ്ങു താണ്ടി
ഈ വെയിലിനി
നീലിച്ചു കിടക്കും .
***********************

നിദ്ര

കണ്ണുകളില്‍
ആകാശം
കൊയ്തു കെട്ടി
വാക്കുകളില്‍
സ്വപ്നങ്ങള്‍
ചേറ്റിയെടുത്തു.
ഇനി,

രാവിന്‍റെ
കുടിലിലേക്ക്
നിദ്രയുടെ
ചുണ്ടുകളിലേക്ക്
പുലരിയുടെ കടവ്
കാണും വരെ
ഞാനൊരു
ഒരു പാതയകട്ടെ .
**********************
വെയില്‍ വറ്റിയ പാടത്ത്‌ ,
ഉപ്പുപരലുകള്‍ പോല്‍
മേഘങ്ങള്‍ .
രാവ് നട്ടെടുത്തിരിക്കുന്നു .
കതിരുകൊയ്യാനിനി
നിദ്രയുടെ കടല്‍
വറ്റിച്ചെടുക്കട്ടെ .
***********************


2 comments:

  1. ഒരു വരിപോലും മനസ്സിലാകാതെ മനോവേദനയോടെ ഞാനിതാ പോകുന്നേയ്......!!!

    ReplyDelete
  2. കഷ്ടായല്ലോ അജിയേട്ടാ :( മൂന്നും വെവ്വേറെ പോസ്റ്റ്‌ ആക്കേണ്ടന്നു കരുതി ഒരുമിച്ചു ചേര്‍ത്തതാണ് ,,,

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "