1.26.2013

"മൌനങ്ങളില്‍ നിന്ന് കണ്ണുതുറക്കാം "-ചന്ദ്രിക റിപ്പബ്ലിക്‌ദിന പതിപ്പ് 2013


മൌനത്തിലേക്ക്
ചിറകൊതുക്കുന്ന പക്ഷീ
ഏതു മലകള്‍ക്ക് മീതെ-
പ്പറന്നപ്പോഴാണു നീ
പുഴയുടെ നിലവിളി കേട്ടത് ....
മഞ്ഞുമുക്കുത്തികളിട്ട
താഴ്വരയ്ക്കു കുറുകെ
ആ അടയാളവും
മായ്ച്ചുകളയപ്പെട്ടുവോ ,,?
വഴിതെറ്റി ഇനിയാ ഋതുക്കള്‍
അലഞ്ഞു തിരിയും
പിന്നെ
മൌനം കുടിച്ചു കുടിച്ചവര്‍
നിശ്ചലരാകും .

നിന്‍റെ ആര്‍ദ്രതയുടെ
അത്ഭുതപ്പാത്രവും
ഉടച്ചെറിയപ്പെടുന്ന
യാമങ്ങളിലേക്കെത്തും മുന്‍പ്‌ ,
തെരുവുകളുടെ സിരകളിലൂടെ
ആരാധനാലയങ്ങളുടെ
മേല്‍ക്കൂരകളില്‍ നിന്നും
മതത്തിന്‍റെ വീഞ്ഞ് നീ
ഒഴുക്കിക്കളയണം .
മനുഷ്യനെ
മനുഷ്യത്വത്തിന്‍റെ ഉടുപ്പുകളിലേക്ക്
വാരി നിറക്കണം .
കുഞ്ഞുങ്ങളുടെ ചിരിയില്‍ നിന്നും
നിഷ്കളങ്കത തൊട്ടെടുത്തു
എനിക്കും നിനക്കും വേണ്ടി
ആദിപാപത്തിന്റെ വടുക്കള്‍
മായ്ച്ചു കളയുന്ന
തൂവാല നെയ്യ്തെടുക്കുവാന്‍ ,
അര്‍ദ്ധനഗ്നനായിരുന്നവന്‍റെ
ചര്‍ക്കയുടെ താളമിനി
വഴികാട്ടിയാകട്ടെ .

പ്രാര്‍ഥനകളില്‍ നിന്ന് ,
മൌനങ്ങളില്‍ നിന്ന് ,
നമുക്കിനി കണ്ണ്തുറക്കാം .
ചിറകൊതുക്കിയ
പക്ഷിയുടെ കൊക്കില്‍
സമാധാനത്തിന്‍റെ
ഒലിവുതളിരുകള്‍
മണക്കുന്നു .
ഏദന്‍തോട്ടത്തിലിപ്പോള്‍
വാതിലുകള്‍
തുറക്കപ്പെട്ടിരിക്കുന്നു .
നന്മതിന്മകളുടെ
ചുവന്നകനിയും സര്‍പ്പവും
ശിലാരൂപത്തിലേക്ക്
ഉളിയൊച്ചകളിലൂടെ
കുമ്പസാരിക്കുന്നു .
പാപത്തിന്‍റെ നീല ഞരമ്പ്‌
പുണ്യനീരൊഴുകുന്ന അരുവിയായ്‌
ഭൂമിയിലൂടൊഴുകുന്നു .