12.08.2012

വിള്ളലുകള്‍ ________
ആഴങ്ങളിലേക്ക്‌ തെളിയുന്നുണ്ട്
ഒരു വിള്ളല്‍ .
കാഴ്ചയുടെ മുനമ്പുകളില്‍
കണ്ണീരിന്‍റെ സ്പര്‍ശമേറ്റ
തൂവലുകള്‍ക്ക് കനം കൂട്ടുന്നു .

കാതോര്‍ക്കവേ
തെരുവില്‍ മുളച്ചൊരു വിത്തിന്‍റെ
കിതപ്പ് ഞാനറിയുന്നു .
ആദിനോവറിഞ്ഞ പെണ്ണിനെപ്പോല്‍
മനസ്സ് വിയര്‍ക്കുന്നതെന്തിനാണ് ..?

ഒഴിഞ്ഞ വയറുകളിലേക്ക്
അന്നമെറിയുന്നത് ,
പകലിന്‍റെ
സദാചാര ആക്രോശങ്ങളാണെന്നു
കണ്ടു നിന്നത് ,
മറപ്പലകകള്‍ക്കിടയിലെ
മരവിപ്പ് മാത്രം .
തീയെരിയുന്ന മാറിടങ്ങളില്‍
ഉയര്‍ന്നു താഴുന്നതെല്ലാം
വേനലുകള്‍ പറിച്ചെടുത്ത
വേരിന്‍റെ വേദനകളെന്നായിരുന്നു
ചതഞ്ഞു ചത്ത മുല്ലപ്പൂക്കളുടെ
അവസാന മന്ത്രണം .
മഞ്ഞു പെയ്യുന്നതും മഴ നനയുന്നതും
വികാരങ്ങള്‍ ചീവിക്കളഞ്ഞ
ഉടല്‍ശിലകളിലെന്നാണോ
മൂങ്ങകള്‍ ഇരുത്തി മൂളുന്നത്..?

നരച്ച നിശ്വാസങ്ങളില്‍
നനവിറ്റിച്ച് അവര്‍ ,
മയക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍
വികാരങ്ങളെല്ലാം നഗ്നരാണെന്നും
രാവു പുതയ്ക്കാന്‍
ആത്മാവ് നഷ്ടപ്പെട്ട ഉടലുകള്‍
പിന്നെയും ഒരുങ്ങേണ്ടതുണ്ടെന്നും
മനസ്സ് പെയ്തുകൊണ്ടെയിരിക്കും .

അപ്പോഴെല്ലാം
ഋതുഭേദങ്ങളറിയാതെ ധ്യാനിക്കുന്ന
വിഗ്രഹങ്ങളില്‍
എന്തിനെന്നറിയാതെ
കര്‍പ്പൂരം കായുകയായിരിക്കും
പാതിവിടര്‍ന്ന പൂക്കളുടെ ഗന്ധമെല്ലാം .
_____________________________