12.13.2012

ചവര്‍പ്പ്പേരിട്ടുവിളിക്കാനാകാത്ത
ഓര്‍മ്മകളുടെ താലത്തിനു
പനിനീര്‍പ്പൂക്കളുടെ ഗന്ധമാണ് .
ബാല്യത്തില്‍ നിന്നും
പറിച്ചെടുത്ത മധുരങ്ങള്‍
ഉപ്പുചേര്‍ത്ത്
ചവച്ചിറക്കുമ്പോള്‍
പലപ്പോഴും ചവര്‍ക്കുന്ന
ഒരു ഒറ്റക്കണ്ണായി
നീ മാറുന്നു .
പഴുക്കിലയായി കൊഴിയാന്‍
ഒരു പ്രഭാതം കിഴക്കുനിന്നും
യാത്ര തുടങ്ങുമ്പോള്‍ ,
ചന്ദ്രക്കലക്കുമപ്പുറം
മഞ്ഞു ചാറുന്ന പാതകളില്‍ നിന്നും
ബുദ്ധന്‍റെ ശാന്തത പോല്‍
നിഴലുകളെ നോക്കി
ഒരു പുഞ്ചിരി
പതിയെ
അഴിഞ്ഞു വീഴും .
പുതുപൂക്കളുടെ മാസ്മര
ഗന്ധമാകാന്‍ കൊതിച്ച്
വരകളില്ലാത്ത
ഒരു അദൃശ്യ ചിത്രമായ്‌
കാറ്റ് ഇഴകളനക്കുമ്പോള്‍ ,
നീയും ഞാനും
സ്വാര്‍ഥതയുടെ ഈര്‍ച്ചവാള്‍
മൂര്‍ച്ച നോക്കുവാന്‍
പതിയെ
ചുവടെടുക്കുകയായിരിക്കും .
************************