12.11.2012

പലതില്‍ ചിലത് "ഹൈക്കു "


"നീലിച്ച്
വിരിഞ്ഞു കിടക്കുന്നു ഇന്ന് ,
ആഴമുള്ള ആകാശം ."


"മഞ്ഞു കനക്കുമ്പോള്‍
ചിറകുവിരിക്കാനാകാതെ
ഈ പകലും ഞാനും ."


"മഞ്ഞുകാറ്റു വീശുമ്പോള്‍
എനിക്കും പൂര്‍ണ്ണചന്ദ്രനുമിടയില്‍ ,
ചില്ലുജാലകത്തിന്‍ നിര്‍വ്വികാരത ."                         "ഏകാന്ത ചന്ദ്രനെ നോക്കിയിരിക്കെ
                           ഉരുളുന്ന ചക്രങ്ങള്‍ക്കപ്പുറം
                           ഉടയാത്തൊരു പാട്ട് .""വേനല്‍ നിറങ്ങളില്‍
പച്ച ചേര്‍ത്തെഴുതി ,
മഞ്ഞുകൊണ്ട് കോമയിട്ട്
ഈ ഋതുഭാഷ ."


"ഞാനെന്നെ
ചേര്‍ത്തു നെയ്യട്ടെ ,
ഈ രാവിന്‍റെ തറികളില്‍ ."


"ഇത് മന്ത്രകോടിയില്‍
മുത്തു ചേര്‍ക്കുന്ന ,
മഞ്ഞുപൂക്കളുടെ ഋതു ."


"ഏകാന്തമാണിന്നീ
നിലാവുപോലും
ഉഴവുചാലുകളില്ലാതെ ആകാശം ."


"മഞ്ഞു ചില്ലകളില്ല
നരച്ച ആകാശവും
കൂര്‍ത്ത്കൂര്‍ത്തൊരു
ബാങ്കുവിളിയും മാത്രം ."


"ചന്ദ്രനെ നോക്കുമ്പോള്‍
കണ്ണിലേക്ക് തുഴഞ്ഞു വരുന്നൊരു ,
കവിത ."


"മുറിഞ്ഞു വീഴുന്ന മരം
ഉടല്‍മുറിഞ്ഞ് നിഴലും ,
പൊടുന്നനെ ഒരു വേനല്‍ മുളയ്ക്കുന്നു .


"മഴകൊണ്ട് തൊട്ട്
മഞ്ഞുകൊണ്ട് പുതപ്പിച്ച്
മരുഭൂമിയെ ലാളിക്കുന്നുവോ കാലമേ നീ ...!"


"നോക്കി നില്‍ക്കെ
ആകാശത്തിലൊരു പട്ടം
ചിറകുള്ളത് ."


"നക്ഷത്രങ്ങളിലേക്ക്
ഏണി ചാരുന്നെന്‍ കണ്‍കള്‍ ,
വെളുത്തപൂക്കളില്‍ തേന്‍ നിറയുന്നു ."


"ഇടവഴികളിലാരോ നിഴല്‍ കോരിയിടുന്നു
വെളുത്തൊരു കനല്‍ച്ചീളു മാത്രം
മാനത്ത് ."


"മരുഭൂവിന്‍
ശിശിരത്തിലേയ്ക്ക് തളിര്‍ക്കുന്നു ,
എന്‍റെ കാഴ്ചകള്‍ ."


"തളര്‍ന്നു കിടക്കുന്നു വെയില്‍
ഇണപ്പ്രാവുകള്‍ക്കൊപ്പം
ഏതോ ഒരു പക്ഷിയും എന്‍റെ കണ്ണുകളും ."


"കരിയിലകളില്ല കാറ്റുമില്ല
നിരതെറ്റിയ അക്ഷരങ്ങള്‍ പോല്‍
ചിറകുണക്കുന്നു പക്ഷികള്‍ ."


"ചിറകു നിവര്‍ത്തുന്നു ശിശിരം
നിശബ്ദമായ് പൊഴിയുന്നു
മഞ്ഞുതൂവലുകള്‍ ."


"രാവിന്‍റെ ചീവീടൊച്ചകളിലേക്ക്
നൂലുകോര്‍ക്കുന്നു ഇന്നെന്‍റെ
മൌനത്തിന്‍ സൂചിപ്പഴുതുകള്‍ ."


"വിളറി വെളുത്ത്
വെയില്‍ കായുന്നതു  ,
രാവ്തൊട്ട സിന്ദൂരം ."