Labels

11.27.2012

ഹൈക്കു


"ഇലകൊഴിഞ്ഞ മരങ്ങളും
വേനല്‍ കൊഴിഞ്ഞ കാലവും ,
പാദങ്ങളില്‍ ഒരു പൂച്ചപ്പതുക്കം ."



"മഴയഴിഞ്ഞു വീഴുന്നു
മരുഭൂവിന്‍ ശ്വാസത്തിലേയ്ക്ക് ,
മഞ്ഞുകാലം കിളിര്‍ക്കുന്നു ."


"മരുഭൂവിലേയ്ക്ക്
മഴവള്ളികള്‍ പടരുമ്പോള്‍ ,
മൊട്ടിടുന്നു തണുത്ത മൌനം ."


"മഞ്ഞുകാലം
ഈ തീവണ്ടിയൊച്ചകളെപ്പോലും
പുതപ്പിക്കുന്നുവല്ലോ !"



"ഒരു ഗ്രന്ഥത്തിന്‍റെ
താളുകള്‍ മറിയുന്നു ,
ഉദയത്തില്‍ നിന്നും
അസ്തമയത്തിലേക്ക്‌ ."


"കിളിയൊച്ചകള്‍
വീണുകൊണ്ടേയിരിക്കുന്നു
വെയില്‍ കായുന്ന പ്രഭാതത്തിലേക്ക് ."


"പട്ടുപോലെയീ ആകാശം
പ്രഭാതം ഒരു ഒച്ചുപോലിഴയുന്നു ."


"മഞ്ഞു പടരുന്നു
കാതിലെന്തോ സ്വകാര്യം
ചൊല്ലാനെന്നപോല്‍ ."


"ഡാലിയ വിത്തുകളെ
തൊട്ടുനോക്കി പുതുമഴ ,
നമുക്കിടയില്‍ ഇനിയെത്ര നിദ്രകള്‍ ?"


"മരങ്ങളുടെ നഗ്നതയില്‍
നാണം മറയ്ക്കുന്നു
കിളിക്കൂടുകള്‍ "


"ഋതുശലഭങ്ങള്‍
ചുംബിച്ച പൂക്കള്‍ കവിതകളായി ,
മഴവില്ലിലെല്ലാം സ്വപ്നം മേയുന്നു ."


"നിഴലൊരു
നീര്‍ത്തുള്ളി പോലലിഞ്ഞു പോകുന്നു ,
നിശാഗന്ധിപോലെയാ രാവും ."


"കവിതയില്ല
ഈ മൌനത്തിന്‍ ചുവന്ന കോണുകളില്‍ ,
പൂക്കുന്നതിപ്പോള്‍ കനല്‍പ്പൂക്കളല്ലോ ..."



"പഴയ കുളത്തിലേക്ക്‌
ഇപ്പോഴും ചാടുന്നുണ്ടാകുമോ  തവളകള്‍
ഹൈക്കുവാകാന്‍ ...?"



2 comments:

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "