Labels

11.27.2012

മഞ്ഞു മുഖങ്ങള്‍ _____



ഓര്‍മ്മയില്‍
അലിയാത്ത പൂക്കളുടെ
മഞ്ഞുകാലമേ
നിന്‍റെ തണുത്ത മൌനം
ഞാനാസ്വദിക്കുന്നു  ,
ഈ പ്രഭാതത്തിലേക്ക്
മഴവള്ളികള്‍ പടരുന്നു .
മരുഭൂവിന്‍റെ തൊടികളിലിപ്പോള്‍
മഞ്ഞുകാലം കിളിര്‍ക്കുന്നു .

ഞാന്‍ മടിയെടുത്തണിയുന്ന
പുലരികളില്‍
ഒച്ചിനെത്തൊട്ട വിരലലുപോലെയീ
മഞ്ഞുകാലമെന്നെ
കമ്പിളിയിലേയ്ക്ക് ചുരുട്ടുന്നു .

മഞ്ഞുകാലമേ,
നീയെന്‍റെ പ്രണയമായ്‌ പടരുക
നഗ്നസൂര്യനപഹരിക്കാത്ത
ഒരു ചിപ്പിത്തുടിപ്പായ്‌ ഒളിച്ചു കൊള്‍ക .
ചന്ദനത്തണുപ്പായ്‌
എന്നില്‍ മേനി ചേര്‍ക്കുക .

വേനല്‍വടുക്കളില്‍
നനുത്ത ചുണ്ടമര്‍ത്തുന്ന കാലമേ
നീയെന്‍റെ പ്രണയമാകുക .
കാലത്തെ
പരിഭാഷപ്പെടുത്തുന്ന ഋതുക്കളെ ,
മഞ്ഞു കാലത്തിന്‍റെ താളുകളില്‍
ഞാനൊരു അടയാളം വയ്ക്കട്ടെ
മഞ്ഞു മുഖമുള്ള ഒരു പൂവിനെ ..

ഇതാ
ചിറകിനെ ധ്യാനിക്കുന്ന
പുഴുവാകുന്നു ,
മഞ്ഞുകാലം .
പ്രഭാതത്തിന്‍റെ പുല്‍ത്തുമ്പിലെ
ചില്ലുമുഖങ്ങള്‍
അടര്‍ന്നു മായുന്നു .
കടലാസ്സു പൂക്കളുടെ തെരുവിലേക്ക്
ചുരുള്‍ നീര്‍ത്തുന്നു
പരിഭാഷയുടെ
അടുത്ത അദ്ധ്യായം  .
_________________________________


2 comments:

  1. മനസ്സിലും , ശരീരത്തിലും കുളിരിന്റെ ആവരണം പുതപ്പിച്ച പ്രതീതി ...
    കവിത വളരെ നന്നായിരിക്കുന്നു ..ആശംസകള്‍

    ReplyDelete
  2. മഞ്ഞുകാലത്തെ പ്രണയിക്കുന്ന വേനല്‍ക്കാലം

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "